വൈക്കം : അന്തി ഉറങ്ങാന്‍ സ്വന്തമായി ഒരിടം ഇല്ലാതെ വിഷമിച്ച നാല് അംഗ നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്കാന് സുമനസ്സുകളുടെ കൂട്ടായ്മ. തെക്കേനട പഴയപറമ്പില്‍ ഹരിഹരന് കെ. ആചാരിയുടെ കുടുംബമാണ് സ്വന്തമായി വീടില്ലാതെ വിഷമത്തിലായത്. സ്വര്‍ണ്ണപണി തൊഴിലാളിയായിരുന്ന ഹരിഹരന് കെ. ആചാരി പക്ഷാഘാതത്തെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭാര്യയും രണ്ട് പെണ്മക്കളും വിഷമത്തിലായത്. ഹരിഹരന് ആചാരിയുടെ വിഷമതകള്‍ കണ്ട് നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ രാധിക ശ്യാമിന്റെ മനസ്സലിവാണ് സുമനസ്സുകളുടെ കൂട്ടായ്മ ഒരുക്കിയത്. കൈത്താങ്ങാകാന്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ സഹായവും എത്തിയതോടെ വീട് നിര്‍മ്മാണത്തിന് നടപടിയായി. വീട് നിര്‍മ്മാണത്തിന് 3 ലക്ഷം രൂപ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ നല്‍കുമെന്ന് ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് റീജിയണല്‍ ചെയര്മാന് മാത്യു കൊടാലിച്ചിറ അറിയിച്ചു. വീട് നിര്‍മ്മാണം പൂര്‍ത്തിയാകണമെങ്കില്‍ 10 ലക്ഷം രൂപ വേണ്ടിവരുമെന്ന് മുന്‍ നിര പ്രവര്‍ത്തകയായ നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം പറഞ്ഞു. കരുണയും മനുഷ്യത്വവുമുള്ള സന്നദ്ധപ്രവര്‍ത്തകരുടെയും സുമനസ്സുകളുടെയും സഹായം ഉണ്ടായാലെ ഈ ലക്ഷ്യം നിറവേറ്റാനാകു എന്ന് രാധിക ശ്യാം പറഞ്ഞു. രോഗം ബാധിച്ച് ഹരിഹരന് വിഷമത്തിലായതോടെ ഭാര്യ മിനി വീടുകളില്‍ ചെറു ജോലികള്‍ ചെയ്താണ് കുടുംബം പോറ്റുന്നത്. നിലവിലുള്ള 4 സെന്റ് സ്ഥലത്ത് വീട് നിര്‍മ്മിക്കാന്‍ ശിലയിട്ടു. മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം, ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് റീജിയണല്‍ ചെയര്മാന് മാത്യു കൊടാലിച്ചിറ, സമീപവാസികളും, ബന്ധുക്കളും പങ്കെടുത്തു.ചിത്രവിവരണം : ഹരിഹരന് ആചാരിക്ക് സുമനസ്സുകളുടെ കാരുണ്യത്തില്‍ നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന ചടങ്ങ് നടക്കുന്നു.
സുമനസ്സുകളുടെ കാരുണ്യത്തില്‍ ഹരിഹരന് ആചാരിക്ക് തലചായിക്കാന്‍ സ്വന്തമായി വീട് ഒരുങ്ങുന്നു
