വൈക്കത്തുകാരുടെ പൂർണ്ണസഹകരണത്തോടെ കായലോര ബീച്ച് ശുചീകരണം ആരംഭിച്ചു

വൈക്കം: നഗരസഭ ജനകീയ നഗരശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 600 ലധികം ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ നഗരശുചീകരണം ഒരു പുതിയ അനുഭവമായി മാറി. വൃത്തിയുള്ള നഗരത്തിനായി നമുക്ക് കൈകോർക്കാം – എന്ന മുദ്രാവാക്യവുമായാണ് വൈക്കം നഗരസഭ വൻജനപങ്കാളിത്തത്തോടെകായലോര ബീച്ചും പരിസരവും വൃത്തിയാക്കൽ പദ്ധതി ആരംഭിച്ചത്.രാവിലെ നഗരസഭയിൽ നിന്നും ചെയർമാൻ്റെയും വൈസ് ചെയർ മാൻ്റേയും നഗരസഭാ ജീവനക്കാരുടേയും നേതൃത്വത്തിൽ ജാഥയായി എത്തിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ശുചീകരണ യജ്ഞംനഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സൗദാമിനി അഭിലാഷ് സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാന്മാർ, കൗൺസിലർമാർ, നഗരസഭാജീവനക്കാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ,ഹരിത കർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ നഗരസഭയുടെ കണ്ടിജൻ്റ് ജീവനക്കാർ എന്നിങ്ങനെ സമൂഹത്തിലെ ഒട്ടനവധി പേർ ഈ യജ്ഞത്തിൽ പങ്കാളികളായി. ചെയർമാൻ്റെ നേതൃത്വത്തിലുള്ള ഇത്തരം ശുചീകരണം വൈക്കത്തു കാർക്ക് ഒരു പുതിയ അനുഭവമായിരുന്നു. ബീച്ച് കയ്യേറ്റം നടത്തി ബങ്കുകൾ സ്ഥാപിച്ച് കച്ചവടം നടത്തിയിരുന്നവർക്ക് മുൻകൂർനോട്ടീസ് നൽകിയിരുന്നെങ്കിലും ചിലർ ബങ്കുകൾ മാറ്റിയിരുന്നില്ല. മുൻകൂട്ടി അറിയിച്ചിട്ടും എടുത്തു മാറ്റാതിരുന്ന ബങ്കുകളും പെട്ടിക്കടകളും നഗരസഭാജീവനക്കാർ എടുത്തു മാറ്റി.ബീച്ചിൻ്റെ തെക്കെ അറ്റത്ത് വള്ളക്കടവിനു സമീപം കാടുപിടിച്ചു കിടന്നിരുന്ന സ്ഥലത്തിൻ്റെ ശുചീകരണം ഹിറ്റാച്ചി ഉപയോഗിച്ചും കാടുവെട്ടിയും വൃത്തിയാക്കിത്തുടങ്ങി. ഇതോടെ ഒരേക്കറിലധികം ഭൂമികൂടി നഗരസഭയ്ക്ക് ഉപയോഗപ്രദമാകും.തുടർന്നുള്ള ദിവസങ്ങളിൽ പാർക്ക്, താലൂക്കാശുപത്രി എന്നിവിടങ്ങളും ശുചീകരിക്കുമെന്ന് നഗരസഭ അറിയിച്ചു. കായലോര ബീച്ച് കൂടുതൽ സുന്ദരമാക്കുന്നതിൻ്റെ ഭാഗമായി എം എൽ എയുടെയും സ്വകാര്യ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ലൈറ്റുകളും ഇരിപ്പിടങ്ങളും തയ്യാറാക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *