പ്രതിസന്ധികളെ ചവിട്ട് പടികളാക്കി ജീവിതം വിജയം കരസ്ഥമാക്കണം – പാര്‍വ്വതി ഗോപകുമാര്‍

വൈക്കം : പ്രതിസന്ധികളെ ചവിട്ട് പടികളാക്കി ജീവിതം വിജയം കരസ്ഥമാക്കാന്‍ പുതുതലമുറ ജാഗരൂകമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വ്വതി ഗോപകുമാര്‍ പറഞ്ഞു. വൈക്കം താലൂക്ക് എന്‍. എസ.് എസ.് യൂണിയന്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി ആവിഷ്‌ക്കരിച്ച ‘ യുവത്വം വിവേകാനന്ദം ‘ എന്ന ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. യൂണിയന്‍ പ്രസിഡന്റ് പി. ജി. എം. നായര്‍ കാരിക്കോട് അധ്യക്ഷത വഹിച്ചു. ലോക യുവത്വത്തെ ഏറ്റവും അധികം പ്രചോദിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്ത സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് യൂണിയന്‍ പ്രസിഡന്റ് പി. ജി. എം. നായര്‍ കാരിക്കോട് പറഞ്ഞു. വിദ്യാര്‍ത്ഥികളിലും യുവാക്കളിലും അന്തര്‍ലീനമായ കഴിവുകളെ പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും, സ്വന്തം ജീവിതത്തിലൂടെ പുത്തന്‍ തലമുറക്ക് പ്രചോദനവും മാതൃകയുമായി മാറിയ യുവ ഐ. എ. എസ്. ജേതാവും എറണാകുളം ജില്ലാ അസിസ്റ്റന്റ് കളക്ടറുമായ പാര്‍വ്വതി ഗോപകുമാറിന്റെ സാന്നിധ്യം ഏറെ പ്രചോദനാത്മകമാണെന്നും പി. ജി. എം. നായര്‍ പറഞ്ഞു. വൈക്കം വടക്കേ നട എന്‍. എസ്. എസ്. ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പുതിയ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി ആദരിച്ചു. ആദ്ധ്യാത്മിക മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് പി. വേണുഗോപാല്‍, യൂണിയന്‍ സെക്രട്ടറി അഖില്‍ ആര്‍. നായര്‍ , എന്‍. മധു , കെ. ജയലക്ഷ്മി, പി. എന്‍. രാധാകൃഷ്ണന്‍ നായര്‍, പി. എസ.് വേണുഗോപാലന്‍ നായര്‍, കെ. എന്‍. സജ്ഞീവ് എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം : വൈക്കം താലൂക്ക് എന്‍ എസ്. എസ്. യൂണിയന്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന യുവത്വം വിവേകാനന്ദം പദ്ധതി എറണാകുളം അസിസ്റ്റ്ന്റ് കളക്ടര്‍ പാര്‍വ്വതി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *