ദേശീയ സ്ഥാപന റാങ്കിങ്ങ് പ്രകാരം രാജ്യത്തെ മുൻനിര സംസ്ഥാന കാർഷിക സർവകലാശാലയായി മാറുവാനുള്ള തയ്യാറെടുപ്പിലാണ് കേരള കാർഷിക സർവകലാശാലയെന്ന് വൈസ് ചാൻസലറും സംസ്ഥാന കാർഷികോൽപാദന കമീഷണറുമായ ഡോ. ബി. അശോക് ഐഎഎസ് പറഞ്ഞു. സർവകലാശാലയിലെ മിഡിൽ ലെവൽ ശാസ്ത്രജ്ഞർക്കായി വെള്ളായണി സെൻ്റർ ഫോർ അഗ്രിക്കൾച്ചറൽ ഇന്നോവെഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാഡമിക് നേതൃത്വം, നിർമിതബുദ്ധി, പേറ്റൻ്റ്, ഗവേഷണ, ഭരണ നൈപുണ്യ ശേഷികൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദർ ക്ലാസുകൾ നയിച്ചു. കാർഷിക സർവകലാശാല ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. ജേക്കബ് ജോൺ, സർവകലാശാല ഭരണസമിതി അംഗം ഡോ. വി. തുളസി, വിജ്ഞാന വിഭാഗം ഡയറക്ടർ ഡോ. ബിനു പി. ബോണി, അസോസിയേറ്റ് ഡയറക്ടർമാരായ ഡോ. ജി. എസ്. ശ്രീദയ, ഡോ. ശാലിനി പിളള തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സംസ്ഥാനത്ത് ഉടനീളം ജോലി ചെയ്യുന്ന അൻപതോളം കാർഷിക ശാസ്ത്രജ്ഞർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
കാർഷിക സർവകലാശാല മികവിൻ്റെ പാതയിൽ: ഡോ. ബി. അശോക് ഐഎഎസ്
