ന്യൂജെന്‍ സിനിമ അങ്ങനെയൊരു വേര്‍തിരിവു വേണോ എന്നെനിക്കറിയില്ല. എല്ലാക്കാലത്തും പുതിയ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. കലോചിതമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും കല-സാഹിത്യ രംഗത്ത് ഉണ്ടാകും. പത്മരാജന്‍, ഭരതന്‍, ഐ.വി. ശശി, ബാലചന്ദ്ര മേനോന്‍ തുടങ്ങിയവര്‍ നിലനിന്നിരുന്ന സിനിമാ സങ്കല്‍പ്പങ്ങളെ മാറ്റി എഴുതിയവരാണ്. തിരക്കഥകളിലെ പുതുമ, ചിത്രീകരണത്തിലെ പുതുമ, മികച്ച രീതിയില്‍ ടെക്‌നോളജിയുടെ ഉപയോഗം ഇതെല്ലാം അവരും പരീക്ഷിച്ചിരുന്നു. ഇക്കാലത്തും പുതിയ രീതിയില്‍ സിനിമകളുണ്ടാകുന്നു. ടെക്‌നോളജി മാറിയിരിക്കുന്നു. സിനിമ ഡിജിറ്റലായി മാറിയിരിക്കുന്നു. പുതിയ തലമുറ അവരുടെ ശബ്ദം കേള്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ചിലതു സാമ്പത്തികമായി വിജയിക്കുന്നു. ചിലതു പരാജയപ്പെടുന്നു. സിനിമയുമായി ബന്ധപ്പെട്ട ടെക്‌നിക്കല്‍ കോഴ്‌സുകള്‍ കഴിഞ്ഞ് നിരവധി പുതിയ ചെറുപ്പക്കാരാണ് ഈ രംഗത്തേക്കു കടന്നുവരുന്നത്. അവരെല്ലാം ടാലന്റ് ഉള്ള യൂത്ത് ആണ്. ലോകം നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എന്ന പോലെ സിനിമയും നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തിയിരിക്കുന്നു. മലയാള സിനിമ മാത്രമല്ല, ലോക സിനിമകളിലും മലയാളികള്‍ പരിജ്ഞാനം നേടിയിരിക്കുന്നു.മാറ്റം കാലാനുസൃതമാണ്. മാറ്റം ഉണ്ടായിക്കൊണ്ടേയിരിക്കും. നമ്മുടെ ചില സംവിധായകര്‍ എടുക്കുന്ന ഷോട്ടുകള്‍ ലോകസിനിമയുടെ നിലവാരത്തിലുള്ളവയാണ്. ഇങ്ങനെതന്നെ വേണം സിനിമ എന്ന വാശിയൊന്നും ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കില്ല. അവര്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇനി വരുന്ന തലമുറ ഇതിലും വലിയ പരീക്ഷണങ്ങളായിരിക്കും നടത്തുക. ചിലപ്പോള്‍ സങ്കല്‍പ്പിക്കാനാകാത്ത വിസ്മയങ്ങളായിരിക്കും ഭാവിയിലെ സിനിമകളില്‍ സംഭവിക്കുന്നത്- സുരാജ് പറഞ്ഞു.
ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കു വാശയില്ല. അവര്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു: സുരാജ് വെഞ്ഞാറമൂട്
