പീരുമേട്:പീരുമേട് മണ്ഡലം ഇക്കുറി സി.പി.ഐക്ക് നഷ്ടപ്പെട്ടേക്കും. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി പീരുമേട് ഉയര്‍ന്നുനിന്ന ഭൂപ്രശ്നം പരിഹരിക്കാതെ പോയത് തെരഞ്ഞെടുപ്പില്‍ സി.പി.ഐ യെ തിരിഞ്ഞുകുത്തും. കയ്യേറ്റം ഉണ്ടെന്ന നിലയില്‍ വ്യാപകമായ പ്രചാരണമായിരുന്നു മാസങ്ങളോളം നടന്നത്. വിഗ്നേശ്വരി ജില്ലാ കളക്ടര്‍ ആയിരുന്നപ്പോഴാണ് ഭൂപ്രശ്നം ഉയര്‍ത്തി കൊണ്ടു വന്നത്. തുടര്‍ച്ചയായി നാലുമാസം നിരോധനാജ്ഞ വരെ പ്രഖ്യാപിച്ച അത്യപൂര്‍വ്വ നടപടികള്‍ വരെ അരങ്ങേറിയിട്ടും റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐ നിശബ്ദമായിരുന്നു.നിയമപരമായി സര്‍ക്കാര്‍ നടപടികള്‍ പാലിച്ച് ഭൂമി വാങ്ങിയ വരെയെല്ലാം കയ്യേറ്റക്കാരുമായി റവന്യൂ വകുപ്പ് ചിത്രീകരിക്കുകയായിരുന്നു. റവന്യൂ വകുപ്പ് മന്ത്രി സി.പി.ഐക്ക് ഉണ്ടായിട്ടും ഈ വിഷയങ്ങള്‍ പരിഹരിക്കുവാന്‍ പാര്‍ട്ടി തയ്യാറായില്ല. വി.വിഗ്നേശ്വരിക്ക് ശേഷം ദിനേശന് ചെറുവാട്ട് ജില്ലാ കളക്ടര്‍ ആയി വന്നിട്ടും പ്രശ്നത്തിന് പരിഹാരം ആയില്ല. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ തേര്‍വാഴ്ചയായിരുന്നു പീരുമേട്ടില്‍ നടന്നത്. പോലിസ് ക്യാമ്പിന് സമിപമുള്ള പട്ടയഭൂമി മുഴുവൻ തങ്ങളുടെതാണെന്ന് പോലിസ് അവകാശവാദം ഉന്നയിച്ച് പട്ടയ ഉടമകളെ വട്ടം ചുറ്റിച്ചപ്പോഴും ജനപ്രതിനിധികൾ പ്രശ്നപരിഹാരം ഉണ്ടാക്കിയില്ല.എന്തായാലും ഇതിന്റെ പ്രതിഫലനം പീരുമേട് മണ്ഡലത്തില്‍ ഉണ്ടാകുമെന്നുതന്നെയാണ് സൂചനകള്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇതിന്റെ അലയൊലികള്‍ പ്രകടമായിരുന്നു. നേരിയ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന സി.പി.ഐക്ക് ഈ തെരഞ്ഞെടുപ്പ് ഒരു ഭാഗ്യപരീക്ഷണം തന്നെയാകും. പീരുമേട് ഭൂപ്രശ്നത്തിന്റെ പേരില്‍ അപമാനിക്കപ്പെടുകയും റവന്യൂ ഉദ്യോഗസ്ഥരാല്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തവര്‍ തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. പീരുമേട് താലൂക്കിലെ ഏലപ്പാറ, കൊക്കയാർ, കുമിളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാർ എന്നീ പഞ്ചായത്തുകളും, ഉടുമ്പഞ്ചോല താലൂക്കിലെ അയ്യപ്പൻ കോവിൽ, ചക്കുപള്ളം എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാ മണ്ഡലമാണ് പീരുമേട്. 1982 മുതൽ മൂന്നു തവണ കോൺഗ്രസിന്റെ കെ.കെ. തോമസ് ആയിരുന്നു ഇവിടെ എം.എല്‍.എ. 1982 ല്‍ 9029, 1987 ല്‍ 4469, 1991 ല്‍ 5041 എന്നിങ്ങനെയായിരുന്നു കെ.കെ.തോമസിന്റെ ഭൂരിപക്ഷം.1996 ല്‍ സി.പി.ഐ യിലെ സി.എ കുര്യൻ 4790 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പീരുമേട് മണ്ഡലം ഇടതുപക്ഷ പാളയത്തില്‍ എത്തിച്ചു. എന്നാല്‍ 2001 ലെ തരഞ്ഞെടുപ്പില്‍ 3054 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ അഡ്വ. ഇ.എം അഗസ്തി പീരുമേട് തിരിച്ചു പിടിച്ച് ത്രിവര്‍ണ്ണ പതാക പാറിച്ചു. എന്നാല്‍ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളില്‍ പീരുമേട് മണ്ഡലം കോണ്‍ഗ്രസിന് കണികാണാന്‍ സി.പി.ഐ നല്‍കിയില്ല. ബിജിമോള്‍ 2006 ല്‍ 5304 വോട്ടിന്റെയും 2011 ല്‍ 4777 വോട്ടിന്റെയും 2016 ല്‍ 314 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ ജയിച്ചു. മൂന്നു തവണ കഴിഞ്ഞതിനാല്‍ 2021ല്‍ സി.പി.ഐ നേതാവ് വാഴൂര്‍ സോമനാണ് മാറ്റുരച്ചത്. കോണ്‍ഗ്രസിലെ അഡ്വ. സിറിയക് തോമസ് ആയിരുന്നു എതിരാളി. 1835 വോട്ടുകള്‍ക്കാണ് വാഴൂര്‍ സോമന് സി.പി.ഐയുടെ മണ്ഡലം നിലനിര്‍ത്തിയത്. 2025 ആഗസ്റ്റ് 21 ന് വാഴൂർ സോമന് അന്തരിച്ചു.സി.പി.ഐ യില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഉയര്‍ന്നുവരുന്നത് മുന്‍ എം.എല്‍.എ അന്തരിച്ച വാഴൂര്‍ സോമന്റെ മകന് അഡ്വ.സോബിന്‍ സോമന്റെ പേരാണ്. പീരുമേട് ബാറിലെ അഭിഭാഷകനാണ് ഇദ്ദേഹം. ഇതോടൊപ്പം ജോസ് ഫിലിപ്പിന്റെ പേരും പരിഗണിക്കുന്നുണ്ട്.കോണ്‍ഗ്രസ് സജീവമായി പരിഗണിക്കുന്നത് കഴിഞ്ഞ രണ്ടു പ്രാവശ്യം വാശിയേറിയ മത്സരം കാഴ്ചവെച്ച് നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട അഡ്വ.സിറിയക് തോമസ് ആണ്. ഏലപ്പാറ സ്വദേശിയായ സിറിയക് തോമസിനുള്ള ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ പരിഗണിക്കപ്പെടുമെന്നു തന്നെയാണ് സൂചന. 1982 മുതൽ മൂന്നു തവണ കോൺഗ്രസിന്റെ പീരുമേട് എം.എല്‍.എയായിരുന്ന കെ.കെ. തോമസിന്റെ മകനാണ് സിറിയക് തോമസ്. 2016 ല്‍ വെറും 314 വോട്ടിനാണ് ഇ. എസ് ബിജിമോളോട് പരാജയപ്പെട്ടത്. 2021ല്‍ 1835 വോട്ടുകള്‍ക്ക് വാഴൂര്‍ സോമനോടും പരാജയം സമ്മതിച്ചു. കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ റോയി കെ. പൗലോസ്, നിഷ സോമന്, ഷാജി പൈനാടത്ത്, അലോഷ്യസ് സേവ്യര്‍ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്.
Related Posts
ഇരട്ട ചക്രവാതച്ചുഴി;5 ദിവസം മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ബുധനാഴ്ച മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്ന പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം…
കോട്ടയത്ത് ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു
കോട്ടയം : കോട്ടയം കുമാരനല്ലൂരിൽ ട്രെയിനിടിച്ച് വയോധികൻ മരിച്ചു.ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം ഉണ്ടായത്.എറണാകുളം–കൊല്ലം മെമു ട്രെയിൻ ആണ് ഇടിച്ചത്.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി മേൽ…
നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാൻ. കേസിൽ ശിക്ഷയിൽ കുറവുണ്ടോ എന്ന് പരിശോധിച്ചു തുടർ നടപടി സ്വീകരിക്കുമെന്ന്…
