അരവിന്ദേട്ടനൊപ്പം പാടിയ പാട്ടുകൾ; പാട്ടിന്‍റെ ഓർമയിൽ മോഹൻലാൽ

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാൽ നടൻ മാത്രമല്ല, മികച്ച ഗായകൻ കൂടിയാണ്. അദ്ദേഹം പാടിയ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ആണ്. നീരാളി എന്ന ചിത്രത്തിൽ സ്റ്റീഫൻ ദേവസി- പി. ടി. ബിനു കൂട്ടുകെട്ടിൽ ഒരുങ്ങിയ “അഴകേ… അഴകേ.. ആദ്യമായി…’ എന്ന ഗാനവും രതീഷ് വേഗ-റഫീഖ് അഹമ്മദ് കൂട്ടുകെട്ടിൽ ഒരുങ്ങിയ റൺ ബേബി റൺ എന്ന ചിത്രത്തിലെ “ആറ്റുമണൽ പായയിൽ…’എന്ന ഗാനവും എക്കാലത്തെയും ഹിറ്റുകളാണ്. എന്നാൽ നേരത്തെയും വലിയ ഹിറ്റുകൾ അദ്ദേഹം പാടിയിട്ടുണ്ട്. മാള അരവിന്ദനൊപ്പം പാടിയ രണ്ടു പാട്ടുകൾ എക്കാലവും മലയാളികളുടെ മനസിൽ ഇടം നേടിയവയാണ്. മാളയോടൊപ്പം പാടിയ പാട്ടുകളെക്കുറിച്ച് മോഹൻലാൽ പറഞ്ഞത് ആരാധകർ ഏറ്റെടുത്തു.മദ്യപാനിയായ കഥാപാത്രങ്ങളുടെ ചേഷ്ടകളിൽ പാടിയ ചില പാട്ടുകൾ രസകരമായ അനുഭവം കൂടിയാണ്. ഒപ്പം ഒപ്പത്തിനൊപ്പം’ എന്ന സിനിമയിൽ ഞാനും അരവിന്ദേട്ടനും കള്ളുകുടിച്ച് പാടുന്ന ഒരു പാട്ടുണ്ട്. ഭൂമി കറങ്ങുന്നുണ്ടോടാ… ഉണ്ടേ.., അപ്പം സാറു പറഞ്ഞത് നേരാണ്ടാ….ആണേ…’ ഇതുപോലെ കണ്ടു കണ്ടറിഞ്ഞു’വിലും ഒരു പാട്ടുണ്ട്. അതിൽ ഞാനും അരവിന്ദേട്ടനും തന്നെയാണ് പാടിയതും അഭിനയിച്ചതും. ആ പാട്ട് ഇങ്ങനെയാണ്. നീയറിഞ്ഞോ മേലേ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കും നേരം…’ വളരെ സന്തോഷം പകരുന്ന അനുഭവമായിരുന്നു പാട്ടിന്‍റെ റെക്കോഡിങ്ങും ഷൂട്ടിങ്ങുമെല്ലാം.എല്ലാ പാട്ടും പ്രയാസം തന്നെയാണ്. ഒന്നും എളുപ്പത്തിൽ പാടാവുന്നവയല്ല. പ്രത്യേകിച്ച് ഞാനൊരു പാട്ടുകാരനല്ലാത്തതുകൊണ്ട്. വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള പാട്ടുകളാണ് പ്രിയദർശൻ അദ്ദേഹത്തിന്‍റെ സിനിമയിൽ എന്നെക്കൊണ്ടു പാടിപ്പിച്ചത്. ദാസേട്ടനും രവീന്ദ്രൻമാഷും അങ്ങനെയാണ്. വളരെ പ്രയാസകരമായ ഈണങ്ങളാവും രവിച്ചേട്ടൻ കൊടുക്കുക. പ്രതീക്ഷിക്കുന്നതിനപ്പുറം അത് ഭംഗിയാക്കി തിരിച്ചുനൽകാൻ ദാസേട്ടനും കഴിയും. എന്‍റെ പാട്ടുകളിൽ ഏറെയും ഡയറക്ടറുടെ കോണ്‍സെപ്റ്റിലുണ്ടായതാണ്. സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല…, ബാലേട്ടനിലെ കറുകറുത്തൊരു പെണ്ണാണ്…, ഗാന്ധർവത്തിലെ കടക്കണ്ണിൽ മിന്നലുണ്ടോ…, ഏയ് ഓട്ടോയിലെ മൈ നെയിം ഈസ് സുധി… ഇതെല്ലാംതന്നെ കഥാപാത്രം ആവശ്യപ്പെടുന്ന പാട്ടുകളായിരുന്നു- മോഹൻലാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *