കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വിഭാവനം ചെയ്തിരിക്കുന്ന ഊത്തകാലത്തെ  ഉൾനാടൻ മത്സ്യ സംരക്ഷണ പദ്ധതിക്ക്   അന്നമനട പഞ്ചായത്തിൽ തുടക്കം കുറിച്ചു

മാള :കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വിഭാവനം ചെയ്തിരിക്കുന്ന ഊത്തകാലത്തെ  ഉൾനാടൻ മത്സ്യ സംരക്ഷണ പദ്ധതിക്ക്   അന്നമനട പഞ്ചായത്തിൽ തുടക്കം കുറിച്ചു. മത്സ്യ കർഷകനായ ജോസഫ് അന്നമനട പഞ്ചായത്ത് പ്രസിഡന്റ്  വിനോദ് പി വിക്കു മഞ്ഞകൂരി മൽസ്യത്തെ  കൈമാറിയാണു പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് ഊത്ത സംരക്ഷണ ബോധവൽ കരണത്തിനായി തയ്യറാക്കിയ നോട്ടീസ് വിതരണവും പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർവഹിച്ചു. കൊടുങ്ങല്ലൂരിലെ എംഇഎസ് അസ്മാബി കോളേജിലെ സി.ഇ.ടി.സി ഹോൺബിൽ ഫൗണ്ടേഷന്റെ സാങ്കേതിക പിന്തുണയോടെയാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്.റീസ്റ്റോക്കിംഗ് സമീപനത്തിലൂടെ തദ്ദേശീയ ഉൾനാടൻ മത്സ്യ വൈവിധ്യത്തെ സംരക്ഷിക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മഴക്കാലത്ത്, ചാലക്കുടി പുഴയിൽനിന്നും പ്രജനനത്തിനായി ഉൾനാടൻ ജലാശയങ്ങളിലേക്ക് കയറുന്ന  പ്രായപൂർത്തിയായ പല നാടൻ മത്സ്യങ്ങളെയും പ്രജനനത്തിന് അവസരം ലഭിക്കുന്നതിന് മുമ്പ് പലപ്പോഴും പിടിക്കാറുണ്ട്.  അത്തരം  മത്സ്യങ്ങളെ പ്രാദേശിക മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിൽ സംഭരിച്ച്‌ , നിയന്ത്രിതമായി  കുളത്തിലോ മറ്റു കൃത്രിമ ജലാശയങ്ങളിലോ സംരക്ഷിച്ച്  പ്രജനനം സുഗമമാക്കുക, കുഞ്ഞുങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് തിരികെ പുഴയിലേക്ക് വിടുന്നതിന് മുമ്പ് അവയെ ആവശ്യമായ  വലുപ്പത്തിലേക്ക് വളർത്തുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.റീസ്റ്റോക്കിംഗിനു പുറമേ, പ്രജനന സമയത്ത് മത്സ്യബന്ധനം ഒഴിവാക്കുന്നതിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും മുൻകരുതൽ സംരക്ഷണ ശ്രമങ്ങളുടെ ആവശ്യകതയെക്കുറിച്ചും സാമൂഹിക  അവബോധത്തിന് പദ്ധതി ഊന്നൽ നൽകുന്നു.   ഇക്ത്യോളജിസ്റ്റ് ഡോ. സി. പി. ഷാജി, എം.ഇ.എസ് അസ്മാബി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. കെ. എച്ച്. അമിത ബച്ചൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *