ഇ.കെ.ദിവാകരൻ പോറ്റി അനുസമരണവും പുരസ്കാര സമർപ്പണവും 26 ന് ഗ്രാമികയിൽ

മാള :പ്രമുഖ മലയാള വിവർത്തന സാഹിത്യകാരനും സ്വാതന്ത്ര്യ സമര സേനാനിയും ഐക്യകേരള പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയുമായിരുന്ന ഇ.കെ.ദിവാകരൻ പോറ്റിയുടെ 20-ാം ചരമവാർഷികത്തോടനുബന്ധിച്ച് ജൂലായ് 26ന് കുഴിക്കാട്ടുശ്ശേരി ഗ്രാമിക അനുസ്‌മരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ശനി 3.30ന് പി.എൻ.ഗോപീകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനം റെവന്യു വകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ ഉദ്ഘാടനം ചെയ്യും. വിവർത്തന സാഹിത്യ മേഖലയിലെ പ്രതിഭക്ക് ഗ്രാമിക നൽകിവരുന്ന ദിവാകരൻ പോറ്റി സ്മാരക പുരസ്കാരം കാസറഗോഡ് സ്വദേശിയായ യുവ വിവർത്തകൻ എ.കെ.റിയാസ് മുഹമ്മദിന് അദ്ദേഹം സമർപ്പിക്കും. 25000 രൂപയും പ്രശസ്തിപത്രവും സ്മൃതിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഈ വർഷത്തെ ഇ.കെ.ദിവാകരൻ പോറ്റി സ്മാരക വാർഷിക പ്രഭാഷണം ‘അടിയന്തിരാവസ്ഥ അമ്പതാണ്ട് പിന്നിടുമ്പോൾ’ എന്ന വിഷയത്തിൽ ടെലഗ്രാഫ് മുൻ എഡിറ്ററും പ്രമുഖ പത്രപ്രവർത്തകനുമായ ആർ.രാജഗോപാൽ നിർവ്വഹിക്കും. ഇ.ഡി.ഡേവിസ്, പോറ്റി മാസ്റ്ററെ അനുസ്മരിച്ച് സംസാരിക്കും. ഗ്രാമിക ആരംഭിക്കുന്ന ഇ.കെ. ദിവാകരൻ പോറ്റി സ്മാരക വായനശാലയ്ക്കു വേണ്ടിയുള്ള ധനസമാഹരണത്തിൻ്റെ ഉദ്ഘാടനം ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. ജോജൊയും പുസ്തക സ്വീകരണത്തിൻ്റെ ഉദ്ഘാടനം ഐ.ബാലഗോപാലൻ മാസ്റ്ററും നിർവ്വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *