പുന്നത്തുറ ഗവൺമെന്റ് യു.പി സ്‌കൂൾ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

​കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയെന്നു സഹകരണം -തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂർ പുന്നത്തുറ ഗവൺമെന്റ് യു.പി സ്‌കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ നിരവധി സർക്കാർ സ്‌കൂളുകൾ അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക് പുരോഗതിയും വഴി മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി. പാഠ്യവിഷയങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലുമെല്ലാം സംസ്ഥാനം ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2.17 കോടി രുപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിച്ചത്. രണ്ടു നിലകളിലായി എട്ട് ക്ലാസ് മുറികളും രണ്ട് സ്റ്റോർ മുറികളും സജ്ജീകരിച്ചിട്ടുണ്ട്.ചടങ്ങിൽ ഏറ്റുമാനൂർ നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബിബിൻ ബാബു അധ്യക്ഷത വഹിച്ചു.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ മേരിക്കുട്ടി ജോസഫ്, പ്രിയ സജീവ്, അഡ്വ. ജേക്കബ് ഡി. നെല്ലിക്കാപ്പള്ളി, നഗരസഭാംഗങ്ങളായ ജിഷ പ്രദീപ്, ടി.പി മോഹൻദാസ്, ഇ.എസ്. ബിജു, ലൗലി ജോർജ് പടികര, ബിബിൻ പി. സണ്ണി, ബിബീഷ് ജോർജ്, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കെ.ജെ പ്രസാദ്, ഏറ്റുമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജ. പി. ഗോപാൽ, ഹെഡ്മാസ്റ്റർ ബിജോ ജോസഫ്, പി.ടി.എ പ്രസിഡന്റ് ജോസ്മി ജോസഫ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *