കോട്ടയം: പോലീസ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധയാണ് പുലർത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചങ്ങനാശേരി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒൻപതു വർഷത്തിനിടെ കേരളത്തിലെ പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റം ഉണ്ടായി. സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും മികവേറിയ പോലീസ് സ്റ്റേഷനുകൾ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്.കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും കേരളാ പോലീസ് ഏറെ മുന്നിലാണ്. കുറ്റാന്വേഷണത്തിൽ ഇന്ന് യാതൊരുവിധത്തിലുമുള്ള ബാഹ്യമായ ഇടപെടലും ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ചങ്ങനാശേരി അരിക്കത്തിൽ കൺവെൻഷൻ ഹാളിൽ നടന്ന ചടങ്ങിൽ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. കേരളാ പോലീസ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റാന്വേഷണ രംഗത്തും ക്രമസമാധാനപാലന രംഗത്തും മികച്ച പ്രവർത്തനമാണ് പോലീസിന്റേതെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.കൊടിക്കുന്നിൽ സുരേഷ് എം.പി. ഓൺലൈനായി പങ്കെടുത്തു. എറണാകുളം റേഞ്ച് ഡി.ഐ.ജി. എസ്. സതീഷ് ബിനോ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, ജില്ലാ അഡിഷണൽ എസ്.പി. എ.കെ. വിശ്വനാഥൻ, ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, നഗരസഭാംഗം ബെന്നി ജോസഫ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ. ദീപ, ഡി.വൈ.എസ്.പി. കെ.പി. ടോംസൺ, സംഘടനാ പ്രതിനിധികളായ കെ.സി. സലിംകുമാർ, അനൂപ് അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി ഡിവൈ.എസ്.പി. ഓഫീസിനു സമീപമാണ് 3.5 കോടി രൂപ ചെലവഴിച്ചു പുതിയ സ്റ്റേഷൻ നിർമിക്കുന്നത്. പോർച്ച് ഏരിയ, സ്റ്റെയർ റൂം ഉൾപ്പെടെ 1113 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഇരുനിലക്കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. താഴത്തെ നിലയിൽ വെയിറ്റിങ് ഏരിയ, ഓഫീസ് മുറികൾ, റെക്കോർഡിങ് മുറി, സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേകം ലോക്കപ്പുകൾ, ശൗചാലയങ്ങൾ, യൂണിഫോം മാറ്റുന്നതിനുള്ള മുറികൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു.524 ചതുരശ്ര മീറ്ററുള്ള രണ്ടാം നിലയിൽ കോൺഫറൻസ് ഹാൾ, തൊണ്ടിമുതൽ സൂക്ഷിക്കാനുള്ള മുറി, സി.പി.ഒ. വിശ്രമമുറി, എ.എസ്.ഐ, ജി.എസ്.ഐ. എന്നിവർക്കായുള്ള മുറികൾ, അടുക്കള, സ്റ്റോർ മുറി, ഡൈനിങ് ഏരിയ, ശുചിമുറി ബ്ലോക്ക് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ചങ്ങനാശേരി പോലീസ് സ്റ്റേഷൻ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
