എൻ.എസ്.എസ്. വോളണ്ടിയർമാർ നവകേരളത്തെ മുന്നിൽ നിന്ന് നയിക്കുന്ന നേതാക്കളായി വളർന്നു വരണം: മന്ത്രി ഡോ. ആർ. ബിന്ദു

കോട്ടയം:ക്യാമ്പസുകളുടെ പുറത്തെ മതിൽകെട്ടുകൾക്കപ്പുറമുള്ള സമൂഹത്തിലെ തീക്ഷണമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനുള്ള ആവേശം വോളണ്ടിയർമാർക്ക് നാഷണൽ സർവീസ് സ്കീമിലൂടെ (എൻ.എസ്.എസ്.) ലഭിച്ചിട്ടുണ്ടെന്നും അവർ നാളത്തെ നവകേരളത്തെ മുന്നിൽ നിന്ന് നയിക്കുന്ന നേതാക്കളായി വളർന്നു വരണമെന്നും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. വിദ്യാർഥികളുടെ സാമൂഹ്യ പ്രതിബദ്ധതയും സേവന താല്പര്യങ്ങളും മികച്ച നിലയിൽ പ്രോത്സാഹിപ്പിച്ചുകൊണ്ട് എൻഎസ്എസ് അഭിനന്ദനീയമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. 2023-24 വർഷത്തെ സംസ്ഥാന എൻഎസ്എസ് പുരസ്‌കാരങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു കൊണ്ട് തിരുവനന്തപുരം വഴുതക്കാട് ഗവൺമെന്റ് വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.എൻഎസ്എസ് എന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ജീവകാരുണ്യപരവും മനുഷ്യസ്‌നേഹപ്രേരിതവുമായ ഒട്ടേറെ ദൗത്യങ്ങൾ ക്യാമ്പസുകളിലും സമൂഹത്തിലും വിദ്യാർഥികൾ ഏറ്റെടുത്തിട്ടുണ്ട്. ഈ സർക്കാരിന്റെ കാലത്ത് എൻഎസ്എസ് പ്രവർത്തനങ്ങളിൽ വ്യത്യസ്തതയുള്ള ഒട്ടേറെ പുതിയ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചു. മുൻപ് നിലനിന്നിരുന്ന പദ്ധതികൾ കൂടുതൽ മികവോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം തന്നെ മാതൃകാപരമായ ഒട്ടേറെ കർമ്മപദ്ധതികൾക്ക് രൂപം നൽകാൻ സാധിച്ചു.ഈ ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യത്തെ ഉപദേശക സമിതി യോഗത്തിൽ എടുത്ത നിർണ്ണായക തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ‘ആസാദ് സേന’ രൂപീകരിച്ചത്. ലഹരിയുടെ കരാളഹസ്തം നമ്മുടെ സമൂഹത്തെ ഭയാനകമായ രീതിയിൽ ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് യുവജനതയുടെ കർമ്മശേഷി ഈ വിഷയത്തിനായി വിനിയോഗിക്കണമെന്ന് സർക്കാർ തീരുമാനിച്ചത്. ഇതിനായി ഏറ്റവും വിപുലമായ സാധ്യതയുള്ള പ്രസ്ഥാനം എൻഎസ്എസ് ആണെന്ന് കണ്ട് ‘ഏജന്റ്‌സ് ഓഫ് സോഷ്യൽ ആക്ഷൻ എഗൻസ്റ്റ് ഡ്രഗ്‌സ്’ (ASAD) എന്ന ആസാദ് സേനയ്ക്ക് രൂപം നൽകി.അതുപോലെ തന്നെ ഭൂരഹിതരും ഭവനരഹിതരുമായ മുഴുവൻ പേരെയും പുനരധിവസിപ്പിക്കുമെന്ന കേരള സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യവുമായി കൈകോർത്തു പിടിച്ചുകൊണ്ട് ആയിരം ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചു നൽകുമെന്ന തീരുമാനവും ആദ്യ ഉപദേശക സമിതി യോഗത്തിൽ തന്നെ കൈക്കൊള്ളുകയുണ്ടായി. ഇതിന്റെ ഭാഗമായി ‘മാനസഗ്രാമം’ എന്ന പദ്ധതി വളരെ മാതൃകാപരമായ ഒന്നായി മുന്നോട്ടു പോവുകയാണ്. മുൻപ് നിലനിന്നിരുന്ന ‘ദത്ത് ഗ്രാമം’ എന്ന സങ്കല്പത്തിൽ നിന്നും മാറി, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഓരോ കുടുംബത്തിലുമുള്ള ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കാൻ കഴിയുന്ന വിധത്തിലുള്ള വിശദമായ രൂപരേഖയാണ് മാനസഗ്രാമത്തിലൂടെ തയ്യാറാക്കിയിട്ടുള്ളത്.പരിസ്ഥിതി സംരക്ഷണത്തിലും ശുചിത്വ പരിപാലനത്തിലും എൻഎസ്എസ് വോളണ്ടിയർമാർ നടത്തുന്ന ഇടപെടലുകളെ മന്ത്രി അഭിനന്ദിച്ചു. വർഷങ്ങളായി മാലിന്യം കുമിഞ്ഞു കൂടി കിടന്നിരുന്ന തെരുവ് മൂലകളും ജംഗ്ഷനുകളും വൃത്തിയാക്കി മനോഹരമായ ഉദ്യാനങ്ങളാക്കി മാറ്റുന്ന ‘സ്‌നേഹാരാമം’ പദ്ധതി ഇതിൽ പ്രധാനമാണ്. കേരളത്തിൽ 3,000 ഇടങ്ങളിലാണ് ഇത്തരത്തിൽ സ്‌നേഹാരാമങ്ങൾ എൻഎസ്എസ് വോളന്റിയർമാർ സജ്ജീകരിച്ചത്. ‘മാലിന്യമുക്ത നവകേരളം’ എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള എൻഎസ്എസിന്റെ ഈ സംഭാവന ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തപ്പെടും.ദുരന്തമുഖങ്ങളിൽ എൻഎസ്എസ് നടത്തുന്ന സാന്ത്വന പ്രവർത്തനങ്ങലും മന്ത്രി പരാമർശിച്ചു. ചൂരമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഉൾപ്പെടെ മൈത്രി ഭവനങ്ങളും സ്‌നേഹഭവനങ്ങളും നിർമ്മിച്ചു നൽകാൻ ഏറ്റവും ആദ്യം തന്നെ തീരുമാനമെടുത്തത് എൻഎസ്എസ് ആണ്. സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളായ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും കൂടുതൽ സഹായവും കൈത്താങ്ങും നൽകാൻ കഴിയുന്ന വിധത്തിലുള്ള ബഹുമുഖ പദ്ധതികളാണ് ഈ കാലയളവിൽ എൻഎസ്എസ് നടപ്പിലാക്കിയത്. കലാലയങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്ന (Barrier free) പ്രവർത്തനങ്ങൾക്കും വയോജനങ്ങളും യുവജനങ്ങളും തമ്മിലുള്ള ഹൃദയബന്ധം വളർത്താൻ ഉതകുന്ന പദ്ധതികൾക്കും വലിയ പ്രാധാന്യമാണ് നൽകിയത്.സാമൂഹ്യനീതി വകുപ്പിന്റെ കൂടി ചുമതലയുള്ള മന്ത്രി എന്ന നിലയിൽ, ഉന്നത വിദ്യാഭ്യാസ മേഖലയുടെ അഭിമാനമായ എൻഎസ്എസ് സാമൂഹ്യനീതി മേഖലയിലെ പദ്ധതികളെ സഹായിച്ചതിൽ മന്ത്രി നന്ദി രേഖപ്പെടുത്തി. സംസ്ഥാനത്തെ സർവ്വത്രിക ഡിജിറ്റൽ സാക്ഷരതയിലേക്ക് നയിക്കാനുള്ള പ്രവർത്തനങ്ങളിലും എൻഎസ്എസ് സജീവമായി പങ്കുചേർന്നു. കോഴിക്കോട് ജില്ലയിൽ ഭിന്നശേഷി വിഭാഗത്തിലെ യു.ഡി.ഐ.ഡി. കാർഡുകൾ വിതരണം ചെയ്യുന്നതിലുൾപ്പെടെ എൻഎസ്എസ് നടത്തിയ ഇടപെടലുകൾ മാതൃകാപരമാണ്. മഹാത്മാഗാന്ധി സർവ്വകലാശാല മാത്രം ഭവനരഹിതർക്കായി ഏകദേശം നാനൂറോളം വീടുകൾ നിർമ്മിച്ചു നൽകിയത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.ഓരോ പുരസ്‌കാര ജേതാവിന്റെയും പ്രവർത്തനങ്ങൾ എടുത്തു പറയാൻ സമയപരിമിതി തടസ്സമാണെങ്കിലും അവരുടെ സമർപ്പിതമായ പ്രവർത്തനത്തെ സർക്കാർ അഭിനന്ദിക്കുന്നു. രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയയിൽ യുവജനങ്ങളുടെ ഊർജ്ജം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ എൻഎസ്എസും എൻസിസിയും രൂപംകൊണ്ടത്. ആ ലക്ഷ്യത്തിലേക്ക് കരുത്തുറ്റ നേതൃത്വമായി മാറാൻ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്കും വോളന്റിയർമാർക്കും സാധിക്കട്ടെ എന്ന് മന്ത്രി ആശംസിച്ചു.തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ. ദേവിപ്രിയ ഡി. സ്വാഗതം ആശംസിച്ചു. എൻ.എസ്.എസ്. കേരള & ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ. വൈ. എം. ഉപ്പിൻ, കാലിക്കറ്റ് സർവകലാശാല ഇ.ടി.ഐ കോർഡിനേറ്റർ ഡോ. സണ്ണി എൻ.എം, ഐ.ടി.ഡി പ്രോഗ്രാം കോർഡിനേറ്റർ വാസുദേവൻ പി., എച്ച്.എസ്.ഇ പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഷാജിത എസ്., എ.പി.ജെ.കെ.ടി.യു. പ്രോഗ്രാം കോർഡിനേറ്റർ ഡോ. അരുൺ എം., കേരള യൂണിവേഴ്‌സിറ്റി പ്രോഗ്രാം കോർഡിനേറ്റർ ഡോ ഷാജി എ., എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സി. ടി. അരവിന്ദകുമാർ, ടെക്‌നിക്കൽ സെൽ പ്രോഗ്രാം കോർഡിനേറ്റർ ജയൻ പി. വിജയൻ, എം.ജി. യൂണിവേഴ്‌സിറ്റി പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഇ. എൻ. ശിവദാസൻ, ടി.ഇ.എം. യൂണിവേഴ്‌സിറ്റി പ്രോഗ്രാം കോർഡിനേറ്റർ ഡോ. ബാബുരാജൻ, ഐ.എച്ച്.ആർ.ഡി പ്രോഗ്രാം കോർഡിനേറ്റർ മനു രാജേന്ദ്രൻ, വി.എച്ച്.എസ്.ഇ. പ്രോഗ്രാം കോർഡിനേറ്റർ ജഫീഷ് ജെ., കുഫോസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഉണ്ണികൃഷ്ണൻ എസ്., കേരള & ലക്ഷദീപ് യൂത്ത് ഓഫീസർ പീയുഷ് പരഞ്ജപെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *