കടുത്തുരുത്തി : തിരുവമ്പാടി ഭഗതി ക്ഷേത്രത്തിലെ ഈ വർഷത്തെ മീനഭരണി മഹോത്സവത്തോട് അനുബന്ധിച്ചുള്ള കളമെഴുത്തുപാട്ട് ഫെബ്രുവരി 10 ചൊവ്വാഴ്ച്ച തുടങ്ങും. 41 ദിവസം നീണ്ടുനിൽക്കുന്ന കളമെഴുത്തുപാട്ടും ദീപാരാധനയും മീനഭരണി ദിവസമായ മാർച്ച് 22 വരെ നടക്കും. ആറു കരകൾക്കും ദേശാധിപതിയായി വാഴുന്ന തിരുവമ്പാടിക്കാവിലമ്മക്ക് കളംപൂജയും ദീപാരാധനയും ഒരോ കുടുംബങ്ങളുടെയും സംഘടനകളുടെയും വഴിപാടായിട്ടാണ് ഒരോ ദിവസവും നടത്തി വരുന്നത്. ദാരികനിഗ്രഹം കഴിഞ്ഞ് രൗദ്ര രൂപിണിയായി പടിഞ്ഞാറോട്ട് ദർശനമായിരിക്കുന്ന ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്ര കലാ കുലപതി ഉദയനാപുരം തേരൊഴി രാമക്കുറുപ്പിൻ്റെ നേതൃത്വത്തിലാണ് കളമെഴുത്തുപാട്ട് നടക്കുന്നത്. ഓരോ ദിവസവും ഉച്ചയോട് കൂടി ആരംഭിക്കുന്ന ചടങ്ങുകൾ ഉച്ചപ്പാട്ടോടുകൂടിയാണ് ആരംഭിക്കുന്നത്.പിന്നീട് പഞ്ചവർണ്ണപ്പൊടികളാൽ ദേവിയുടെ വിവിധ കൈകളോട് കൂടിയ രൂപം വരയ്ക്കും.പ്രകൽഭരായ കലാകാരൻമാരാണ് കളം വരയ്ക്കുന്നത്. വൈകിട്ട് ക്ഷേത്ര സന്നിധിയിൽ ദീപാലങ്കാരത്തോടു കൂടി നടക്കുന്ന ദീപാരാധനയോടെ കളം പൂർത്തിയാകും. സോപാനസംഗീതവും, പഞ്ചവാദ്യമേളവും, ചെണ്ടമേളത്തിൻ്റെയും ഒക്കെ സാന്നി ത്യത്തിൽ ഭക്തിസാന്ദ്രമായി നടക്കുന്ന ദീപാരാധനക്ക് ശേഷം ഭക്തർ ദേവിയുടെ കളം തൊഴുത് പ്രാർത്ഥിക്കുന്നു.ശേഷം വീണ്ടും നടയടച്ച് പ്രസന്നപൂജ കഴിഞ്ഞ് നട തുറക്കുന്നതോടെ ഉച്ചത്തിൽ ദേവീ നാമങ്ങൾ ചൊല്ലി ഭക്തർ ദേവിയെ തൊഴുന്നു.തുടർന്നു ക്ഷേത്ര പൂജാരി ദേവിയെ ശ്രീകോവിലിൽ നിന്ന് ആനയിച്ച് പുറത്തിറങ്ങുമ്പോൾ സ്ത്രീകളും ബാലികമാരും താലപ്പൊലികളുമേന്തി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് ദേവിയോടൊപ്പം സമീത്തുള്ള ആൽമരചുവട്ടിൽ എത്തുന്നു. അതിന് ശേഷം ആൽമരച്ചുവട്ടിൽ നടക്കുന്ന പ്രത്യേക പൂജകൾക്ക് ശേഷം വീണ്ടും ക്ഷേത്രം മൂന്ന് പ്രാവശ്യം പ്രദക്ഷിണം വച്ച് ദേവിയെ ശ്രീ കോവിലിന് സമീപം വരെ ഭക്തർ അനുഗമിക്കും.കളംപൂജക്ക് നേതൃത്വം വഹിക്കുന്ന കാർമ്മികൻ അന്നത്തെ കളമെഴുത്തുപാട്ട് വഴിപാട് നടത്തുന്ന കുടുംബത്തെ ദീപം ഉഴിഞ്ഞ് പ്രാർത്ഥിച്ച് ദക്ഷിണ വാങ്ങും. തുടർന്ന് കാർമ്മികൻ ഇടയ്ക്ക വാദ്യത്തോടെ ദാരികനിഗ്രഹത്തെ അനുസ്മരിക്കുന്ന ദേവീ കീർത്തനം പാടിയ ശേഷം കവുങ്ങിൻ പൂക്കുല കൊണ്ട് കളം മായ്ക്കുന്നതോടെ ഒരുദിവസത്തെ ചടങ്ങുകൾ പൂർത്തിയാകും. പീന്നീട് ദേവിക്ക് നിവേദിച്ച കടുംപായസവും വെള്ള നിവേദ്യവും വാങ്ങി കഴിച്ച് ഭക്തർ മടങ്ങുന്നതോടെ നട അടയ്ക്കും. മാർച്ച് 20, 21, 22 തിയതികളിൽ വിപുലമായ കലാ പരിപാടികളോടെ മീനഭരണി മഹോത്സവം പൂർവ്വാധികം ഭംഗിയായി ഭക്തി നിർഭരമായി ആഘോഷിക്കുവാൻ തീരുമാനിച്ചതായി തിരുവമ്പാടി ദേവസ്വം മാനേജർ കാക്കാനപ്പള്ളിമന കെ.എൻ.കൃഷണൻ നമ്പൂതിരിയും ഉത്സവക്കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.
തിരുവമ്പാടിക്കാവിൽ കളമെഴുത്തുപാട്ട് ഫെബ്രുവരി 10 ചൊവ്വാഴ്ച്ച തുടങ്ങും
