കോട്ടയം: മാന്നാനം പാലത്തിന്റെ നിർമാണോദ്ഘാടനം ഞായറാഴ്ച (ഓഗസ്റ്റ് 24) വൈകിട്ട് നാലുമണിക്കു പൊതുമരാമത്ത്്-ടൂറിസം വകുപ്പുമന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. മാന്നാനത്തു നടക്കുന്ന ചടങ്ങിൽ സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷത വഹിക്കും. കെ. ഫ്രാൻസിസ് ജോർജ് എം.പി, മുൻ എം.പി. തോമസ് ചാഴികാടൻ എന്നിവർ മുഖ്യാതിഥികളാകും. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 24.83 കോടി രൂപ ചെലവഴിച്ചു ദേശീയ ജലപാതാ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണം. 228.7 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും വർഷകാല ജലനിരപ്പിൽ നിന്ന് ആറുമീറ്റർ ഉയരത്തിലുമാണ് പണിയുന്നത്.നീണ്ടൂർ, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് മാന്നാനം-നീണ്ടൂർ റോഡിൽ പെണ്ണാർ തോടിനു കുറുകെയാണ് പാലം. മാന്നാനം പാലം പൊളിച്ച് പുതിയപാലം പണിയാൻ നടപടികളായ ഘട്ടത്തിലാണ് പെണ്ണാർ തോട് ദേശീയ ജലപാതയിലുൾപ്പെടുത്തി വിജ്ഞാപനം വന്നതും നിർമാണം മുടങ്ങിയതും. തുടർന്നുസഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിനേത്തുടർന്നാണ് ദേശീയ ജലപാതാ മാനദണ്ഡങ്ങൾ പാലിച്ച് പുതിയ പാലം നിർമിക്കാൻ പുതിയ രൂപരേഖ തയ്യാറാക്കിയത്. മാന്നാനം പാലത്തിന് തുടക്കം കുറിക്കുന്നതോടെ ജനങ്ങൾക്ക് നൽകിയ ഒരു വാഗ്ദാനംകൂടി പാലിക്കപ്പെടുകയാണെന്നും മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഒരു ചുവടു കൂടി മുന്നോട്ടു വയ്ക്കുകയാണന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ചടങ്ങിൽ ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് ദീപ ജോസ്, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്തംഗങ്ങളായ അന്നമ്മ മാണി, സവിതാ ജോമോൻ, തോമസ് കോട്ടൂർ, ഗ്രാമപഞ്ചാത്തംഗങ്ങളായ ഷാജി ജോസഫ്, പി.ഡി. ബാബു, ടി.എം. ഷിബുകുമാർ, കെ.എസ്.ടി.പി. എക്‌സിക്യൂട്ടീവ് എൻജിനീയർ ജി.ആർ. ബിജു, ജില്ലാ സഹകരണ ആശുപത്രി വൈസ് ചെയർമാൻ കെ.എൻ. വേണുഗോപാൽ, ഫാ. ജെയിംസ് മുല്ലശേരി, ഫാ. കുര്യൻ ചാലങ്ങാടി, ഫാ. സാബു മാലിത്തുരുത്തേൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, ജെറോയി പൊന്നാറ്റിൽ, കെ.ഐ. കുഞ്ഞച്ചൻ, ജോസ് ഇടവഴിക്കൻ, ഷൈജി ഓട്ടപ്പള്ളി, രാജീവ് നെല്ലിക്കുന്നേൽ, സനൽ നമ്പൂതിരിപ്പാട്, ബിനു ജോസഫ്, കെ. സജീവ്കുമാർ, ജയപ്രകാശ് കെ. നായർ, സുധീഷ് ബോബി, കെ.പി. സലിംകുമാർ, സംഘാടകസമിതി കൺവീനർ പി.കെ. ജയപ്രകാശ് എന്നിവർ പ്രസംഗിക്കും.
മാന്നാനത്ത് പുതിയ പാലം വരുന്നു
