കോതമംഗലം: കോതമംഗലം താലൂക്കിലെ അടിവാട് കുത്തുകുഴി റോഡില്‍ കുടമുണ്ട കവലയില്‍ പ്ലൈവുഡ് കയറ്റിയ വലിയ കണ്ടെയ്‌നര്‍ ലോറി ബ്ലോക്കായത് ഗതാഗത തടസം സൃഷ്ടിച്ചു. കുടമുണ്ട പാലത്തിന് സമീപം മടിയൂര്‍ ഭാഗത്തുനിന്നും വന്ന ലോറിയാണ് കൃത്യമായ ഗതാഗത സൗകര്യമില്ലാത്ത പ്രദേശത്ത് വളക്കാന്‍ സാധിക്കാതെ കിടന്നത്. പ്രദേശത്ത് പാലം നിര്‍മാണവും അപ്രോച്ച് റോഡും അശാസ്ത്രീയമായാണ് നിര്‍മിച്ചിരിക്കുന്നത്. പാലവും അപ്രോച്ച് റോഡും പുതുക്കി നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതിനിടെ പ്രദേശത്ത് നിരവധി പ്ലൈവുഡ് ഫാക്ടറികള്‍ തുടങ്ങിയതോടെ ലോഡ് കയറ്റി നിരവധി വാഹനങ്ങളാണ് ദിനേന പോകുന്നത്. എന്നാല്‍, വലിയ വാഹനങ്ങള്‍ മടിയൂര്‍ ഭാഗത്തേക്ക് തിരിഞ്ഞുപോകാന്‍ പാകത്തിന് റോഡിന് വീതിയില്ല താനും. പ്രദേശത്ത് ഇത്തരം ഗതാഗത തടസം പതിവായിരിക്കുകയാണ്. രണ്ടു മണിക്കൂര്‍ നേരത്തെ ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി ബ്ലോക്ക് മാറ്റി പിടവൂര്‍ വഴി വാഹനം തിരിച്ചുവിട്ടിരുന്നു. തിങ്കളാഴ്ച വൈകിക്ക് അഞ്ചിനായിരുന്നു സംഭവം. കുടമുണ്ട പാലം നിര്‍മാണവുമായി ബന്ധപ്പെട്ട വഴി തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നെങ്കില്‍ ഇത്തരത്തിലുള്ള ഗതാഗത പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.
ക്യാപ്ഷന്‍… കുടമുണ്ടയില്‍ നിന്ന് കുത്തുകുഴി റോഡിലേക്ക് തിരിയുന്ന ജങ്ഷനില്‍ വാഹനം ഗതാഗത തടസം സൃഷ്ടിച്ചപ്പോള്‍