നാല് ജില്ലകളെ ബന്ധിപ്പിക്കുന്ന എലിവേറ്റഡ് ഹൈവേ കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിൽ

കോട്ടയം–എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന 60 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് ഹൈവേ (ആകാശ പാത) പദ്ധതി കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ എത്തിയിരിക്കുന്നു. പദ്ധതിയുടെ സാധ്യതാ പഠനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരിട്ട് നടത്തുമെന്നതാണ് പ്രധാന സവിശേഷത.കോട്ടയം ജില്ലയിലെ മുളങ്കുഴ മുതൽ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ബൈപാസ് വരെയാണ് നിർദേശിക്കപ്പെട്ടിരിക്കുന്ന ആകാശപാതയുടെ ദൈർഘ്യം. പദ്ധതി പ്രായോഗികമായി നടപ്പിലായാൽ മധ്യകേരളത്തിലെ നാല് ജില്ലകൾക്ക് ഗതാഗത സൗകര്യങ്ങളിൽ വലിയ മുന്നേറ്റം കൈവരിക്കാൻ സാധിക്കും.മുളങ്കുഴയിൽ നിന്ന് കാഞ്ഞിരം – കുമരകം – കവണാറ്റിൻകര – കൈപ്പുഴമുട്ട് – തലയാഴം – വല്ലകം – കാട്ടിക്കുന്ന് – പൂത്തോട്ട എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോയി നടക്കാവ് വഴി തൃപ്പൂണിത്തുറ ബൈപാസിൽ എത്തിച്ചേരുന്ന രീതിയിലാണ് പാതയുടെ സാധ്യതാ റൂട്ട് പരിഗണിക്കുന്നത്.നിലവിലുള്ള ഗതാഗതക്കുരുക്കുകൾക്ക് പരിഹാരമായി, യാത്രാസമയം വൻതോതിൽ കുറയ്ക്കുകയും മേഖലയിലെ സാമ്പത്തിക–വാണിജ്യ പ്രവർത്തനങ്ങൾക്ക് പുതുജീവൻ നൽകുകയും ചെയ്യുന്ന ഒരു ദീർഘകാല വികസന പദ്ധതിയായാണ് ഈ എലിവേറ്റഡ് ഹൈവേ വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *