മാനസികാരോഗ്യ രംഗത്ത് സാമൂഹ്യ ശ്രദ്ധ അത്യാവശ്യം

ദോഹ: സമൂഹത്തിലെ ഓരോ വ്യക്തിയുടേയും മാനസികാരോഗ്യം നിലനിര്‍ത്തുന്നതില്‍ സാമൂഹ്യ പരിസരത്തിന് വലിയ സ്ഥാനമുണ്ടെന്നും കുട്ടികളുടേയും മുതിര്‍ന്നവരുടേയും മാനസികാരോഗ്യ രംഗത്ത് സാമൂഹ്യ ശ്രദ്ധ അത്യാവശ്യമാണെന്നും ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസും നീരജ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. എല്ലാ പ്രായത്തില്‍പെട്ടവരേയും മാനസിക പ്രശ്‌നങ്ങള്‍ വേട്ടയാടുന്നുണ്ട്. വിഷാദവും ഉത്കണ്ഠയും ആശങ്കകളും ഭയവുമൊക്കെ ജീവിതം ദുസ്സഹമാക്കുമ്പോള്‍ ആവശ്യമായ പരിചരണവും സഹായവും നല്‍കാനായാല്‍ ആ പ്രതിസന്ധിയില്‍ നിന്നും പുറത്തു കടക്കാനാകും. വിദ്യാര്‍ഥികള്‍ പലപ്പോഴും എല്ലാ പ്രയാസങ്ങളും രക്ഷിതാക്കളുമായി പങ്കുവെക്കണമെന്നില്ല. ബുദ്ധിമുട്ടുകള്‍ പങ്കുവെക്കുന്ന കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊക്കെ ഇത്തരം കുട്ടികളെ സഹായിക്കാനാകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത നീരജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു. മാനസിക സമ്മര്‍ദ്ധത്തുിലുള്ള കുട്ടികള്‍ക്ക് ആവശ്യമായ സമയത്തുള്ള കൃത്യമായ ഇടപെടലുകള്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ സഹായകമാകും. മാനസികാരോഗ്യം ആത്മീയവും സാമൂഹികവുമായ തലങ്ങളുള്ളതാണെന്നും ഓരോ രംഗത്തും സമൂഹത്തിന്റെ ശ്രദ്ധ അനിവാര്യമാണെന്നും വിഷയമവതരിപ്പിച്ച് സംസാരിച്ച ഫ്രണ്ട്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശ്ശേരി അഭിപ്രായപ്പെട്ടു. നിരന്തരമായ വേട്ടയാടപ്പെലുകള്‍ക്കിടയിലും ഭക്ഷണവും വെള്ളവും ലഭിക്കാന്‍ പ്രയാസപ്പെട്ടപ്പോഴും ഗസ്സയിലെ ജനങ്ങള്‍ മാനസികമായി തകരാതിരിക്കുകയും എല്ലാ സൗകര്യങ്ങളുമുള്ള ഇസ്രായേല്‍ സൈന്യം മാനസികമായി തകരുകയും ചെയ്തത് ആത്മീയ സാമൂഹ്യ പരിസരത്തിന്റെ വ്യത്യാസം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കൗണ്‍സിലറോട് സംസാരിക്കുന്നതിനെ ആരും മോശമായി കാണേണ്ടതില്ലെന്ന മാനസികമായ പല വൈകല്യങ്ങളും തിരിച്ചറിയാനും പരിഹാരം നിര്‍ദേശിക്കാനും കൗണ്‍സിലര്‍ക്ക് സാധിക്കുമെന്നും സ്റ്റുഡന്‍സ് കൗണ്‍സിലറായ ജോളി തോമസ് പറഞ്ഞു. കുട്ടികളുടെ വൈകാരിക തലങ്ങളും വൈകാരിക ഭാവങ്ങളും രക്ഷിതാക്കളും സമൂഹവും മനസിലാക്കിയാല്‍ മാനസികാരോഗ്യ രംഗത്ത് നല്ല മാറ്റമുണ്ടാകുമെന്ന് അവര്‍ പറഞ്ഞു. മാനസിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുകയാണ് ഏറ്റവും പ്രധാനമെന്നും ദുരന്തങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും വരെ ഈ കരുതലുണ്ടാകമമെന്നും ചടങ്ങില്‍ സംസാരിച്ച സോഷ്യല്‍ വര്‍ക്കര്‍ രിസ് വ സ്വലാഹുദ്ധീന്‍ അഭിപ്രായപ്പെട്ടു. വ്യക്തിയുടേയും സമൂഹത്തിന്റേയും മാനസികാരോഗ്യം ഏറെ പ്രധാനമാണെന്നും ഇവ്വിഷയകമായി നടക്കുന്ന ഏത് ചര്‍ച്ചയും മാനവികമാണെന്നും പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്‍.ബാബുരാജന്‍ പറഞ്ഞു. മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ക്‌ളാസിക് ഖത്തറിന്റെ കലാകാരന്മാരൊരുക്കിയ സംഗീത സന്ധ്യ പരിപാടിയെ സവിശേഷമാക്കി.

Leave a Reply

Your email address will not be published. Required fields are marked *