ദോഹ: അറേബ്യൻ രാജ്യങ്ങളുടെ ഫുട്ബാൾ പോരാട്ടമായ ഫിഫ അറബ് കപ്പിന് കൗണ്ടൗൺ ആരംഭിച്ചു. ഖത്തറിലെ ആറു സ്റ്റേഡിയങ്ങൾ ടൂർണമെന്റിന് വേദിയാകും. ഡിസംബർ ഒന്ന് മുതൽ 18 വരെ ലുസൈൽ, ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം, എജുക്കേഷൻ സിറ്റി, അൽ ബെയ്ത്ത്, അഹ്മദ് ബിൻ അലി, 974 എന്നീ സ്റ്റേഡിയങ്ങളിലായാണ് ടൂർണമെന്റ് നടക്കുക.ലോകറാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഒമ്പത് ടീമുകൾ നേരിട്ട് ടൂർണമെന്റിന് യോഗ്യത നേടികഴിഞ്ഞു. ഏപ്രിലിലെ റാങ്കിങ് അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടന്നത്. ശേഷിച്ച എട്ടു സ്ഥാനങ്ങളിലേക്കുള്ള ടീമുകളെ നവംബർ 25, 26 തീയതികളിലായി ഖത്തറിൽ നടക്കുന്ന പ്ലേ ഓഫിലൂടെ തെരഞ്ഞെടുക്കും. ആതിഥേയരായ ഖത്തർ, മൊറോക്കോ, ഈജിപ്ത്, അൽജീരിയ, തുനീഷ്യ, സൗദി അറേബ്യ, ഇറാഖ്, ജോർദാൻ, യു.എ.ഇ എന്നീ ടീമുകൾ നേരിട്ട് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഒമാൻ, ബഹ്റൈൻ, സിറിയ, ഫലസ്തീൻ, മൗറിതാനിയ, ലെബനാൻ, സുഡാൻ, ലിബിയ, കുവൈത്ത്, യെമൻ, ദക്ഷിണ സുഡാൻ, ജിബൂട്ടി, സോമാലിയ ടീമുകളാണ് പ്ലേ ഓഫിൽ കളിക്കുന്നത്. ഇവരിൽ നിന്ന് എഴുപേർ കൂടി ഫൈനൽ റൗണ്ടിൽ പ്രവേശിക്കുന്നതോടെ 16 പേരുടെ നിര വ്യക്തമാകും.പത്തു വർഷത്തെ ഇടവേളക്കുശേഷം പുനരാരംഭിച്ച ടൂർണമെന്റ് ഫിഫയുടെ പേരിൽ നാലുവർഷത്തിലൊരിക്കൽ എന്ന നിലയിൽ ക്രമീകരിച്ചാണ് തിരികെയെത്തുന്നത്. 2029, 2033 സീസണുകളിലെ ഫിഫ അറബ് കപ്പിനും ഖത്തർ വേദിയാകുമെന്ന് ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് ഫുട്ബാൾ തയാറെടുപ്പുകളുടെ ഭാഗമായി 2021ലായിരുന്നു അറബ് കപ്പിന് ഖത്തർ വേദിയായത്.
ഫിഫ അറബ് കപ്പ് കളിയുത്സവത്തിന് വിസിൽ മുഴങ്ങാൻ ഇനി 100 ദിനങ്ങൾ
