ചേർത്തല: ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും വേദനിക്കുന്നവരോട് കരുതലും കരുണയും കാണിക്കുകയും ചെയ്യുമ്പോഴാണ് ജനപ്രതിനിധികളുടെ ദൗത്യം പൂർണതയിലെത്തുന്നതെന്ന് ദലീമ ജോജോ എം എൽ എ അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വയംസഹായ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈക്കം, ചേർത്തല മേഖലാതല വനിതാദിന നേതൃ സംഗമവും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംഘാംഗങ്ങൾക്കുള്ള സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ . കുടുംബബന്ധങ്ങൾ തകർക്കപ്പെടുന്ന നിലയിലേക്ക് വനിതാ ശക്തീകരണ പ്രവർത്തനങ്ങൾ വഴി തെറ്റരുതെന്നും ദലീമ പറഞ്ഞു. മുട്ടം പാസ്റ്ററൽ സെൻ്ററിൽ നടന്ന യോഗത്തിൽ ഫൊറോനാ വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ അധ്യക്ഷനായിരുന്നു. സംരംഭങ്ങളിലൂടെ ശക്തിപ്പെടാൻ ശ്രമിക്കുന്നതിനൊപ്പം മാനസിക സമ്മർദം ലഘൂകരിക്കാനും ശരിയായ സമയത്തെ ആരോഗ്യ പരിശോധനകൾക്കും സ്ത്രീകൾ ശ്രദ്ധിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സഹൃദയ ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ നിർദേശിച്ചു. ചേർത്തല നഗരസഭാ ചെയർമാൻ എസ്. സോബിൻ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംഘാംഗങ്ങളെ ആദരിച്ചു. സംഘാംഗങ്ങളുടെ കുടുംബങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഫാ. ജോഷി വേഴപ്പറമ്പിൽ പുരസ്കാരങ്ങൾ നൽകി. സഹൃദയ ജോയിൻ്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി അഥീന രാജു, സിസ്റ്റർ ജ്യോതിസ് സി.എം.സി, ജൂഡി തോമസ്, റാണി ചാക്കോ, ബീന മാർട്ടിൻ എന്നിവർ സംസാരിച്ചു. വനിതാദിന റാലി ചേർത്തല അസി. സബ് ഇൻസ്പെക്ടർ വി.എ. സോണിയ ഫ്ലാഗ് ഓഫ് ചെയ്തു.ഫോട്ടോ: സഹൃദയ വൈക്കം, ചേർത്തല മേഖലാതല വനിതാ ദിന നേതൃ സംഗമം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. റാണി ചാക്കോ, അഥീന രാജു, സിസ്റ്റർ ജ്യോതിസ്, ഫാ. ജോഷി വേഴപ്പറമ്പിൽ, എസ്. സോബിൻ, ഫാ. ആൻ്റണി പുതിയാപറമ്പിൽ, ഫാ. ജിനോ ഭരണികുളങ്ങര, സി.വി. ജോസഫ് എന്നിവർ സമീപംJees P Paul 8943710720
സഹൃദയ വൈക്കം , ചേർത്തല മേഖലാതല വനിതാദിന നേതൃ സംഗമം നടത്തി
