*അങ്കമാലി: ജനിച്ച നിമിഷം മുതൽ മരണത്തോട് മല്ലിട്ട നവജാത ശിശുവിന് അത്യാധുനിക ചികിത്സയിലൂടെ പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. നാല് കിലോ ഭാരവുമായി ജനിച്ച കുഞ്ഞിന് കടുത്ത ശ്വാസതടസ്സവും ശരീരമാകെ നീല നിറം ബാധിക്കുന്ന സയനോസിസ് എന്ന അതീവ ഗുരുതരാവസ്ഥയിലാണ് അപ്പോള്ളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ നടത്തിയ വിശദമായ എക്കോ പരിശോധനയിൽ ഹൃദയസമ്മർദ്ദം ക്രമാതീതമായി ഉയർന്നതായും അതീവ അപകടകാരിയായ പെഴ്സിസ്റ്റന്റ് പൾമണറി ഹൈപ്പർടെൻഷൻ ഉള്ളതായും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വെന്റിലേറ്റർ സഹായം ഉൾപ്പെടെയുള്ള ചികിത്സകൾ ലഭ്യമാക്കിയെങ്കിലും നില സങ്കീർണ്ണമായി തുടർന്നു. നൂറ് ശതമാനം ഓക്സിജൻ നൽകിയിട്ടും കുഞ്ഞിന്റെ ഓക്സിജൻ നില 75-80 ശതമാനത്തിലേക്ക് താഴുകയും രക്തസമ്മർദ്ദം ക്രമാതീതമായി കുറയുകയും ചെയ്തത് സ്ഥിതി കൂടുതൽ വഷളാക്കി. അപകടകാരിയായ പെഴ്സിസ്റ്റന്റ് പൾമണോറി ഹൈപ്പർടെൻഷൻ (Persistent Pulmonary Hypertension) ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ സമ്മർദ്ദം വർദ്ധിക്കുന്നതിലൂടെ സ്വാഭാവിക ശ്വസനപ്രക്രിയയെയും രക്തചംക്രമണത്തെയും ഒരുപോലെ ബാധിക്കുന്ന ഈ സങ്കീർണ്ണ സാഹചര്യം കുഞ്ഞിന്റെ ജീവന് തന്നെ വലിയ ഭീഷണിയായി മാറി.മരണത്തിനും ജീവിതത്തിനുമിടയിലുള്ള പോരാട്ടത്തിൽ നവജാതശിശുവിന്റെ ജീവൻ നിലനിർത്താൻ ചികിത്സയുടെ മൂന്നാം ദിവസം ഇൻഹേൽഡ് നൈട്രിക് ഓക്സൈഡ് തെറാപ്പി ആരംഭിക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. ശ്വാസകോശത്തിലെ രക്തക്കുഴലുകളെ വികസിപ്പിക്കാൻ സഹായിക്കുന്ന ഈ ആധുനിക ചികിത്സാരീതിയിലൂടെ കുഞ്ഞിന്റെ ആരോഗ്യനിലയിൽ ദ്രുതഗതിയിലുള്ള പുരോഗതിയാണ് ഉണ്ടായത്. ഏഴ് മുതൽ എട്ട് ദിവസത്തെ തീവ്രമായ ചികിത്സയ്ക്കും നിരീക്ഷണത്തിനും ശേഷം കുഞ്ഞ് പൂർണ്ണ ആരോഗ്യവാനായി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങി. കുഞ്ഞുമായി മാതാപിതാക്കൾ ആശുപത്രിയിൽ നിന്നും മടങ്ങിയ കാഴ്ച്ച അസാധ്യമായതിനെ സാധ്യമാക്കിയ ഒരു മെഡിക്കൽ സംഘത്തിന്റെ വലിയ നേട്ടത്തിന്റെ സാക്ഷ്യപത്രമായി മാറി.നിയോനറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജിനോ ജോസഫ്, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. നൈസ് ജോൺസൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് സങ്കീർണ്ണമായ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. അതീവ ഗുരുതരമായ സാഹചര്യത്തിലും കൃത്യമായ സമയത്ത് നൽകിയ മികച്ച ചികിത്സയാണ് കുഞ്ഞിന് തുണയായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ നവജാത ശിശുവിന് നൈട്രിക് ഓക്സൈഡ് ചികിത്സയിലൂടെ പുതുജീവൻ
