ഡോ. മൻമോഹൻ സിംഗിനെയും, ലീഡർ കെ. കരുണാകരനെയും, അഡ്വ. പി.ടി. തോമസ്സിനെയും അനുസ്മരിച്ച് ഇൻകാസ് ഖത്തർ

ദോഹ: ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെയും, മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരൻ്റെയും, അഡ്വ. പി.ടി. തോമസ്സിൻ്റെയും ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഐ.സി.സി ഹാളിൽ നടന്ന ചടങ്ങിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സിദ്ധീഖ് പുറായിൽ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡൻ്റ് ഏ.പി.മണികണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് തലശ്ശേരി മണ്ഡലം വൈസ് പ്രസിഡൻ്റ് അർബാസ് ഒളവിലം, ഇൻകാസ് രക്ഷാധികാരി ജോപ്പച്ചൻ തെക്കെക്കൂറ്റ്, ഉപദേശക സമിതി അംഗവും ഐ.സി.സി ജനറൽ സെക്രട്ടറിയുമായ എബ്രഹാം കെ.ജോസഫ്, ഉപദേശക സമിതി അംഗം നിയാസ് ചെരിപ്പത്ത്, ഉപദേശക സമിതി അംഗവും ഐ.എസ്. സി സെക്രട്ടറിയുമായ ബഷീർ തുവാരിക്കൽ, വൈസ് പ്രസിഡൻ്റുമാരായ നാസർ വടക്കേക്കാട്, താജുദ്ദീൻ ചീരക്കുഴി, ജനറൽ സെക്രട്ടറി ഈപ്പൻ തോമസ്, അനൂജ റോബിൻ, ദീപക്ക് ചുള്ളിപ്പറമ്പിൽ തുടങ്ങിയവർ മൺമറഞ്ഞ നേതാക്കളെ അനുസ്മരിച്ച് സംസാരിച്ചു.ലോകത്തെ തന്നെ പിടിച്ചുലച്ച സാമ്പത്തീക മാന്ദ്യകാലത്ത് വൻ സാമ്പത്തീക ശക്തികൾ പോലും കടപുഴകി വീണപ്പോൾ ഡോ. മൻമോഹൻ സിംഗിൻ്റെ ദീർഘവീക്ഷണവും, സാമ്പത്തിക നയങ്ങളുമാണ് ഇന്ത്യൻ സമ്പദ്’വ്യവസ്ഥയെ തകരാതെ പിടിച്ചുനിറുത്തിയതെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.കേരളത്തിൽ വൻകിട വികസനങ്ങളുടെ ഒരു പുതിയ പാന്ഥാവ് വെട്ടിത്തുറന്ന ശക്തനായ ഒരു ഭരണാധികാരിയായിരുന്നു ലീഡർ കെ. കരുണാകരനെന്ന് നേതാക്കൾ അനുസ്മരിച്ചു. അദ്ദേഹത്തിൻ്റെ നിശ്ചയദാർഡ്യത്തിൻ്റെയും ഇച്ഛാശക്തിയുടെയും പ്രതിഫലനമായിരുന്നു നെടുമ്പാശ്ശേരി എയർപോർട്ടും, കലൂർ അന്താരാഷ്ട്ര സ്റ്റേഡിയവും അടക്കമുള്ള വൻകിട പദ്ധതികൾ.നിലാടുകളുടെ രാജകുമാരൻ എന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം പറയാൻ കഴിയുന്ന വ്യക്തിത്വമായിരുന്നു അഡ്വ. പി.ടി. തോമസ്സിൻ്റേതെന്നും യോഗം അനുസ്മരിച്ചു. പ്രകൃതിയേയും, പരിസ്ഥിതിയേയും എന്നും ചേർത്തുപിടിച്ച നിലപാടുകളായിരുന്നു അദ്ദേഹത്തിൻ്റേതെന്നും, പശ്ചിമഘട്ടത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ആശങ്കകൾ ശരിയായ രീതിയിൽ കേരളം ഏറ്റെടുത്തിരുന്നെങ്കിൽ, വയനാട് ദുരന്തം പോലുള്ള സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, യൂത്ത് വിംഗ് – ലേഡീസ് വിംഗ് ഭാരവാഹികളും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു. ഇൻകാസ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതവും, വൈസ് പ്രസിഡൻ്റ് എം.പി. ശ്രീരാജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *