കാലാവസ്ഥാവ്യതിയാനവും കളകളും : സുസ്ഥിരകൃഷിക്കുള്ള നൂതനാശയങ്ങൾ- വെള്ളായണി കാർഷിക കോളേജിൽ അന്തർദേശീയ സെമിനാർ

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കാർഷികവിളകളുടെ ഉത്പാദനത്തിൽ വൻ ഇടിവ് വരുത്തിക്കൊണ്ട് സുസ്ഥിരകൃഷിക്ക് ഭീഷണിയാവുകയാണ് കളകൾ. ഭാരതത്തിൽ, കളകൾ മൂലമുള്ള വിളനഷ്ടം (34%) കീടങ്ങളും രോഗങ്ങളും വരുത്തുന്ന നഷ്ടത്തിലും (26%) വളരെ അധികമാണ്. അന്തരീക്ഷ താപനിലയുടെ വർദ്ധനയും മഴയുടെ അളവിലും ലഭ്യതാക്കാലത്തിലുമുള്ള ഏറ്റക്കുറച്ചിലുകളും കളകളുടെ വ്യാപനം വേഗത്തിലാക്കുകയും, വിളവുത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ, മെച്ചപ്പെട്ട കളനിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ച് വിശകലനം ചെയ്യുന്നതിനായി 2025 നവംബർ 27, 28 തീയതികളിലായി “കാലാവസ്ഥ – കള ബന്ധം: സുസ്ഥിര കൃഷിക്കുള്ള നൂതനാശയങ്ങൾ” [Climate–Weed Nexus: Innovations for Sustainable Farming (CWIS-2025)] എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന വെള്ളായണി കാർഷിക കോളേജിലെ അഗ്രോണമി വകുപ്പ്, ഒരു അന്തർദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 27 വ്യാഴാഴ്ച രാവിലെ 9.45ന് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് IAS സെമിനാർ ഉദ്‌ഘാടനം ചെയ്യും. ലോകബാങ്ക് ധനസഹായം ചെയ്യുന്ന കേര പ്രോജക്‌ട്, നബാർഡ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിവയുടെ സാമ്പത്തിക സഹായത്തോടെ സംഘടിപ്പിക്കുന്ന അന്തർദേശീയ സെമിനാറിൽ കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ കളനിയന്ത്രണത്തിനുള്ള പുതിയ തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി ലോകത്തിലെ പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും ഒരുമിക്കുന്നു. ഓസ്‌ട്രേലിയ – യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്‌ലാൻഡിലെ വീഡ് ഇക്കോളജി & ക്രോപ് സിസ്റ്റംസ് പ്രൊഫസർ ഡോ. ബി. എസ്. ചൗഹാൻ മുഖ്യ പ്രബന്ധം അവതരിപ്പിക്കുകയും സെമിനാർ പ്രൊസീഡിംഗ്സ് പുറത്തിറക്കുകയും ചെയ്യും. നബാർഡ് തിരുവനന്തപുരം ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല, പ്രത്യേക പ്രഭാഷണം നടത്തും. ശ്രീ ഗുരു രാം റായ് സർവകലാശാല, ഡെറാഡൂൺ അഡ്വൈസറും വൈസ് ചാൻസലറുമായ ഡോ. കെ. പ്രതാപൻ, ഐസിഎആർ – ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.കെ. ദാസ്, കേന്ദ്രകിഴങ്ങുവർഗ്ഗവിള ഗവേഷണ കേന്ദ്രം തിരുവനന്തപുരം പ്രിൻസിപ്പൽ സയന്റിസ്റ്റ് & ഹെഡ്, ക്രോപ് പ്രൊഡക്ഷൻ ഡിവിഷൻ ഡോ. സുജ ജി., തമിഴ്നാട് കാർഷിക സർവകലാശാല, കോയമ്പത്തൂർ ഐസിഎആർ എമിറിറ്റസ് ശാസ്ത്രജ്ഞൻ ഡോ. സി. ആർ. ചിന്നമുത്തു എന്നിവരും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, കേരള കാർഷിക സർവകലാശാലയിലെ ഗവേഷണ ഡയറക്ടർ ഡോ. കെ. എൻ. അനിത്, വിജ്ഞാനവ്യാപന ഡയറക്ടർ ഡോ. ബിനൂ പി. ബോണി എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി, ജനറൽ കൗൺസിൽ, അക്കാദമിക് കൗൺസിൽ അംഗങ്ങളും കാർഷിക സർവകലാശാലയിലെ നിരവധി ശാസ്ത്രജ്ഞരും രാജ്യത്തെ വിവിധ കാർഷിക സ്ഥാപനങ്ങളിലെ വിദഗ്‌ധരും വിദ്യാർത്ഥികളും ഈ സെമിനാറിൽ പങ്കെടുക്കുന്നു.രണ്ടുദിവസം നീളുന്ന സെമിനാറിൽ അവതരിപ്രിക്കുന്ന പ്രധാന വിഷയങ്ങൾ: കാലാവസ്ഥാ-സ്മാർട്ട് കൃഷിക്കായുള്ള നൂതന സാങ്കേതിക വിദ്യകൾ, വിളകളിലും വിളസമ്പ്രദായങ്ങളിലുമുള്ള പ്രധാനകളകളുടെ വളർച്ചയിലും വ്യാപനത്തിലും കാലാവസ്ഥാമാറ്റത്താലുണ്ടാകുന്ന വ്യതിയാനങ്ങൾ, പ്രതികൂലകാലാവസ്ഥയിൽ കൃഷിക്കുള്ള അതിജീവനസാധ്യതകൾ, ഫലപ്രദമായ വിഭവവിനിയോഗത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടൽ എന്നിവയാണ്. സെമിനാറിൽ ഉരുത്തിരിയുന്ന ആശയങ്ങളും നിർദേശങ്ങളും 2025 നവംബർ 28ന് വൈകുന്നേരം 4.45 ന് സംഘടിപ്പിക്കുന്ന സമാപനസെഷനിൽ അവതരിപ്പിക്കും. സെമിനാറിൽ പങ്കെടുക്കാൻ വേദിയിൽ തൽസമയ രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് കാർഷിക കോളേജ് ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. ജേക്കബ് ജോൺ അറിയിച്ചു. അഗ്രോണമി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. പി. ശാലിനിപിളള കൺവീനറായ CWIS-2025 സെമിനാറിന്റെ കൂടുതൽ വിവരങ്ങൾക്കായി www.cwis2025.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *