കെ.എസ്.ആർ.ടി.സി. പെൻഷൻ പരിഷ്കരണം ജലരേഖയായി

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ. ടി.സിയിൽ ഏറ്റവും ഒടുവിൽ പെൻഷൻ പരിഷ്ക്കരിച്ചത് 2011 ൽ . കഴിഞ്ഞ 14 വർഷങ്ങളായി പെൻഷൻ പരിഷ്ക്കരിക്കണമെന്ന ആവശ്യത്തിന് പരിഹാരമില്ല. പെൻഷനും, പെൻഷൻ ആനുകൂല്യങ്ങളും യഥാ സമയം ലഭിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് 38 ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തി. സർക്കാർ ഉടൻപരിഹരിക്കും എന്ന ഉറപ്പിൻമേൽ ഒടുവിൽ സമരം അവസാനിപ്പിച്ചു. സമരം അവസാനിപ്പിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും പരിഹാരമാകാത്തതിനാൽ വീണ്ടും സമരത്തിനൊരുങ്ങുകയാണ് ട്രാൻസ്പോർട്ട് പെൻഷൻകാർ. 42, 280 പെൻഷൻകാരാണ് ട്രാൻസ് പോർട്ടിലുള്ളത്. കഴിഞ്ഞ ആറ് വർഷമായി ഉത്സവബത്തയില്ല. ജീവിതസായാഹ്നത്തിൽ മരുന്നിനും, നിത്യ ചെലവുകൾക്കും കിട്ടുന്ന പെൻഷൻ തികയുന്നില്ല. വെള്ള റേഷൻകാർഡായതിനാൽ വേണ്ടത്ര റേഷൻ സാധനങ്ങളും ലഭിക്കുന്നില്ല. ഭരണഘടനയുടെ 366-ാം വകുപ്പിലെ 17-ാം അനുച്ഛേദത്തിലാണ് പെൻഷൻ അവകാശമാണെന്ന് പറയുന്നത്. ജീവിത ചെലവ്കളും പ്രാരാബ്ധങ്ങളും പതിൻമടങ്ങ് വർദ്ധിച്ചിട്ടും പെൻഷൻ പരിഷ്ക്കരിക്കാത്തതിൽ അത്ഭുതപ്പെടുകയാണ് ഈ വൃദ്ധസമൂഹം’പ്രായാധിക്യവും, രോഗങ്ങളും കാരണംസമരം ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയായി. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് പെൻഷൻ പരിഷ്കരണ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ‘ 1965 ഏപ്രിൽ1 നാണ് ഗതാഗത വകുപ്പിൽ നിന്നും കെ.എസ്. ആർ.ടി.സിയെ പൊതുമേഖലാസ്ഥാപനമാക്കി മാറ്റിയത്. വിരമിച്ചവർക്ക് നൽകാനുള്ള ആനുകൂല്യങ്ങളിൽ 158.12 കോടി രൂപ കുടിശിഖയായിട്ടുണ്ട്. വിരമിച്ചവർക്ക് പി.എഫ് തുക പോലും യഥാ സമയം നൽകുന്നില്ല. ആനുകൂല്യങ്ങൾ കിട്ടാതെ 19 പേർ ഇതിനകം മരണപ്പെട്ടു. ട്രാൻസ്പോർട്ടിൽ നിന്ന് ലഭിക്കുന്നവരുമാനത്തിൻ്റെ 10% പെൻഷൻ ആവശ്യങ്ങൾക്ക് നീക്കിവയ്ക്കണമെന്ന ബഹു: കേരളാ ഹൈക്കോടതി വിധിയുണ്ടെങ്കിലും അതും കാലിയാണ്. വർഷംതോറും 1200 പേരാണ് ട്രാൻസ്പോർട്ടിൽ നിന്നും പെൻഷൻ പറ്റുന്നത്. പെൻഷൻകാരുടെ പകുതി സ്ഥിരംജീവനക്കാർ മാത്രമെ കെ.എസ്.ആർ.ടി.സിയിലുള്ളു. പൊതു തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണ് പെൻഷൻ കുടുംബങ്ങൾ.—- കോട്ടൂർ ജയചന്ദ്രൻ, വെള്ളനാട് .

Leave a Reply

Your email address will not be published. Required fields are marked *