വാഴവറ്റ: വയനാട് പുഞ്ചരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ട്ടപെട്ട 10 കുടുബങ്ങൾക്ക് എറണാകുളം -അങ്കമാലി അതിരൂപത നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി. മാനന്തവാടി രൂപത വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വഴി നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയോട് ചേർന്നാണ് എറണാകുളം അങ്കമാലി അതിരൂപത ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കുന്നത്. 10 ഭവങ്ങൾക്ക് 10 ലക്ഷം രൂപ വീതം ഒരു കോടി രൂപയുടെ സാമ്പത്തിക സഹായമാണ് എറണാകുളം -അങ്കമാലി അതിരൂപത നൽകുന്നത്. ഭവനങ്ങൾ നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങി ഓരോ ഗുണഭോക്താക്കളുടെ പേരിലും രജിസ്ട്രേഷൻ പൂർത്തിയാക്കി. വാഴവറ്റയിൽ രണ്ട് സ്ഥലങ്ങളിലായി 45 ഭവനങ്ങൾ നിർമ്മിക്കുന്നതിൽ 10 ഭവനങ്ങൾക്കാണ് എറണാകുളം -അങ്കമാലി അതിരൂപത സഹായം നൽകുന്നത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഇടവകകൾ സമാഹരിച്ച തുക രൂപതയുടെ സാമൂഹ്യ വികസന വിഭാഗമായ സഹൃദയ വഴി മാനന്തവാടി രൂപതയുടെ സഹകരണത്തോടെയാണ് ഭവന നിർമ്മാണ പദ്ധതിയിൽ ഉപയോഗപ്പെടുത്തുന്നത്. ഭവനങ്ങളുടെ ശിലാസ്ഥാപന കർമ്മം വാഴവറ്റയിൽ സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോസഫ് കൊളുത്തു വെള്ളിൽ നിർവഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, വൈസ് പ്രസിഡന്റ് സെബാസ്ററ്യൻ പാലംപറമ്പിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ദീപു ജോസഫ്, മാനന്തവാടി രൂപത പബ്ലിക് റിലേഷൻ ഓഫീസർ സാലു അബ്രഹാം എന്നിവർ പങ്കെടുത്തു.ഫോട്ടോ: വയനാട് ദുരിതബാധിതർക്കായി സഹൃദയയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ നിർവഹിക്കുന്നു.
പുഞ്ചരിമട്ടം ഉരുൾപൊട്ടൽ ദുരിത ബാധിതരായ 10 കുടുബങ്ങൾക്ക് ഭവന നിർമ്മാണ സഹായവുമായി എറണാകുളം അങ്കമാലി അതിരൂപത
