മാള :വടമ കരിന്തലക്കൂട്ടം നാട്ടറിവ് പഠന കേന്ദ്രത്തിൻ്റെ 30-ാം വാർഷികത്തിൻ്റെ ഭാഗമായുള്ള ഫോക് ലോർ അവാർഡുകൾ പ്രഖ്യാപിച്ചു. ഡോ.സി. ആർ.രാജഗോപാലൻ അവാർഡിന് പ്രമുഖ നാടൻപാട്ട് കലാകാരനും ഫോക് ലോർ അക്കാദി മുൻ ചെയർമാനുമായ സി.ജെ.കുട്ടപ്പൻ അർഹനായി. 30030 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. 5001 രൂപ വീതവും പ്രശസ്തിപത്രവും ഫലകവും ഉൾക്കൊള്ളുന്ന കണ്ണമുത്തൻ പുരസ്കാരം നാടൻപാട്ട് ഗവേഷകൻ പുന്നപ്ര ജ്യോതികുമാർ, പുത്തിരി അവാർഡ് പ്രശസ്ത ഗായികയും സംഗീത നാടക അക്കാദമി വൈസ് ചെയർപെഴ്സണുമായ പി.ആർ.പുഷ്പവതി, കെ.സി.കണ്ണൻ അവാർഡ് നാടക പ്രവർത്തകൻ ബാലു കണ്ടോത്ത്, പി.കെ. പരമേശ്വരൻ അവാർഡ് മൃദംഗ കലാകാരൻ സുജൻ പൂപ്പത്തി എന്നിവർക്ക് നൽകും നവംബർ 8ന് വടമയിൽ നടക്കുന്ന പൊലിയാട്ടം പരിപാടിയിൽ പുരസ്‌കാരങ്ങൾ സമർപ്പിക്കും. റവന്യൂ മന്ത്രി അഡ്വ.കെ.രാജൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ബെന്നി ബഹനാൻ എം.പി. മുഖ്യാതിഥി ആകും. വി.ആർ.സുനിൽകുമാർ എം.എൽ.എ., ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
കരിന്തലക്കൂട്ടം ഫോക് ലോർ അവാർഡുകൾ പ്രഖ്യാപിച്ചു. സി.ആർ.രാജഗോപാൽ പുരസ്കാരം സി.ജെ.കുട്ടപ്പന്
