താനൂർ : ചെറിയമുണ്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തുനവകേരളം കര്‍മ പദ്ധതി, വിദ്യാകിരണം മിഷന് പദ്ധതിക്ക് കീഴില്‍ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മിച്ച ചെറിയമുണ്ടം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് നിര്‍വഹിച്ചു. സ്കൂളിനായി ഏഴു കോടി രൂപ ചെലവിട്ട് സിന്തറ്റിക് ട്രാക്കും ടര്‍ഫും നിര്‍മ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. ശിലാഫലക അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു.ചെറിയമുണ്ടം പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 420.67 കോടി രൂപയാണ് ചെലവഴിച്ചത്. പഞ്ചായത്തിലെ ബംഗ്ലാംകുന്ന് മീശപ്പടി റോഡ് ബി.എം. ആന്റ് ബി.സി. ചെയ്ത് ഗതാഗത യോഗ്യമാക്കാന്‍ അഞ്ചു കോടി രൂപയോളം ചെലവഴിക്കുന്നുണ്ട്. നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാവും. ചെറിയമുണ്ടം ഹെല്‍ത്ത് സെന്ററിന് രണ്ട് കോടി 50 ലക്ഷം രൂപ വകയിരുത്തി. ചെറിയമുണ്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി ഒരുകോടി രൂപയും ഹോമിയോ ആശുപത്രിക്കായി 50 ലക്ഷം രൂപയും ബഡ്സ് സ്കൂള്‍ നിര്‍മ്മാണത്തിനായി ഒരു കോടി രൂപയും വകരുത്തിയതിനോടൊപ്പം ചെറിയ മുണ്ടം, പൊന്മുണ്ടം പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി 35 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ മണ്ഡലത്തില്‍ നാലര കോടി രൂപ ചെലവില്‍ താനൂര്‍ ഫിഷറീസ് സ്കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കും. 100 കോടിയോളം രൂപ ചെലവഴിച്ച് അതിവിപുലമായ ആശുപത്രിയുടെ നിര്‍മ്മാണവും താനൂരില്‍ നടക്കുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി വിശദീകരിച്ചു.മൂന്ന് കോടി തൊണ്ണൂറ് ലക്ഷം വകയിരുത്തിയാണ് സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം നടന്നത്. ഹൈസ്കൂളിനായി മൂന്ന് നിലകളില്‍ ആധുനിക രീതിയിലുള്ള ക്ലാസ് റൂമുകളും സ്റ്റാഫ് റൂമുകളും ലാബുമടക്കം പതിനെട്ട് റൂമുകളടങ്ങുന്നതാണ് പുതിയ കെട്ടിടം. ചടങ്ങില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്മാന് ചക്കാലക്കല്‍ അബ്ദുസ്സലാം സ്വാഗതം ആശംസിച്ചു. വിദ്യാകരണം ജില്ലാ കോഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരിച്ചു.
