കണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ എഡിഎം നവീൻബാബുവിനെ പരസ്യമായി അപമാനിക്കാൻ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി മൊഴികൾ. നവീൻബാബുവിൻറ മരണത്തെകുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിലാണ് നിർണ്ണായക വിവരങ്ങൾലഭിച്ചത്. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചു. പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂർ വിഷൻ പ്രതിനിധികളുടെ മൊഴി. ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും വഴിയെ പോകുമ്പോൾ പരിപാടിക്കെത്തി എന്നായിരുന്നു ദിവ്യയുടെ പ്രസംഗം. പെട്രോൾ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.ആദ്യം യാത്രയപ്പ് നിശ്ചയിച്ചത് 11ന്. അന്ന് അവധി പ്രഖ്യാപിച്ചതിനാൽ ചടങ്ങ് മാറ്റി. അന്ന് പിപി ദിവ്യ കലക്ടറെ പലതവണ വിളിച്ചു, രാത്രിയിലെ ഫോൺ സംഭാഷണത്തിൽ കലക്ടറുടെ ഓഫീസ് സ്റ്റാഫിനെതിരെ സുപ്രധാന വിവരം പങ്ക് വെക്കാനുണ്ടെന്ന് പറഞ്ഞതായി അരുൺ കെ വിജയൻറെ മൊഴിയുണ്ട്.യാത്രയപ്പ് നടന്ന 14 ന് രാവിലെ എസ് സിഎടി വകുപ്പിൻറെ ഒരു പരിപാടിക്കിടെ കണ്ണൂർ കലക്ടറോട് ദിവ്യ നവീൻബാബുവിൻറെ പറ്റി ആരോപണം ഉന്നയിക്കുന്നു. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിൽ മനപ്പൂർവ്വം കാലതാമസം വരുത്തിയതായി വിവരമുണ്ടെന്ന് കണ്ടെത്തി. പരാതിയുണ്ടെങ്കിൽ തരാനാവശ്യപ്പെട്ട തെളിവ് തന്റെ പക്കലില്ലെന്ന് ദിവ്യ. പക്ഷെ വിഷയം വിടില്ലെന്ന് ദിവ്യ പറഞ്ഞതായി കലക്ടർ പറഞ്ഞു.ഉച്ചയോടെ നാലുതവണ ദിവ്യയുടെ സഹായി കലക്ടറുടെ സഹായിയെ ഫോണിൽ വിളിച്ച് ചടങ്ങ് തുടങ്ങിയോ എന്ന് അന്വേഷിച്ചു. പിന്നീട് ദിവ്യ നേരിട്ട് കലക്ടറെ വിളിച്ചുവരുമെന്ന് പറയുന്നു. നവീൻ ബാബുവിനെതിരായ ആരോപണം പറയാനെങ്കിൽ ഇതല്ലെ ഉചിതമായ സമയമെന്ന് പറഞ്ഞതായി കലക്ടർ. എന്നിട്ടും ദിവ്യ എത്തി. ദിവ്യ മാത്രമല്ല, ദിവ്യ ആവശ്യപ്പെട്ടത് അനുസരിച്ച് പ്രാദേശിക ചാനലായ കണ്ണൂർ വിഷൻ പ്രതിനിധികളും ക്യാമറയുമായെത്തി. ദിവ്യ പറഞ്ഞത് കൊണ്ട് മാത്രമാണ് ഷൂട്ട് ചെയ്യാനെത്തിയതെന്ന് കണ്ണൂർ വിഷൻ പ്രതിനിധികളുടെ മൊഴി. പിന്നെ നടന്നത് നമ്മൾ എല്ലാം കണ്ടതാണ്.
നവീൻബാബു കൈക്കൂലി വാങ്ങിയിട്ടില്ല, ദിവ്യ നടത്തിയത് വൻആസൂത്രണം
