പാലക്കാട് :ഒറ്റപ്പാലം സഹകരണ ബാങ്കിൽ മുക്കുപണ്ടം വെച്ച് സീനിയർ അകൗണ്ടന്റ് മോഹന കൃഷ്ണൻ 45 ലക്ഷം രൂപ തട്ടി.മോഹന കൃഷ്ണനെ സസ്പെൻ്റ് ചെയ്ത് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. മോഹനകൃഷ്ണനും സി പി എം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള 3 ബന്ധുക്കൾക്കും പങ്കുണ്ടെന്ന് പൊലീസ്. പണം വീണ്ടെടുക്കുന്നതിന് മോഹനകൃഷ്ണൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ അധികൃതർ നടപടി തുടങ്ങി.
കഴിഞ്ഞ ജൂൺ മുതൽ ഫെബ്രുവരി വരെയാണ് മുക്കുപണ്ടം വെച്ച് മോഹനകൃഷ്ണൻ പണം തട്ടിയത്. ബന്ധുക്കൾ കൊണ്ടുവന്ന മുക്കുപണ്ടം വാങ്ങിവെച്ച് മോഹനകൃഷ്ണൻ പണം നൽകിയെന്നാണ് കണ്ടെത്തൽ. ബാങ്ക് നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം അന്നെന്നു തെളിഞ്ഞത് . മോഹന കൃഷ്ണനെതിരെ ഒറ്റപ്പാലം പോലീസിൽ പരാതി നൽകുകയായിരുന്നു . മോഹനകൃഷ്ണനെ ബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്തു.
ആദ്യം 27 ലക്ഷം രൂപയുടെ തട്ടിപ്പെന്ന നിലയിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് കൂടുതൽ പണം നഷ്ടമായെന്ന് കണ്ടെത്താനായത്. ബാങ്ക് രേഖകളുടെ വിശദമായ പരിശോധനയിലാണ് 18.50 ലക്ഷം രൂപയുടെ കൂടി തട്ടിയെന്ന് വ്യക്തമായി. മോഹനകൃഷ്ണൻറെ സഹോദരിയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മീദേവി, ഇവരുടെ ഭർത്താവും സി.പി.എം തേങ്കുറുശി ലോക്കൽ കമ്മിറ്റി അംഗവുമായ കെ.വി.വാസുദേവൻ, മകൻ വിവേക് എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇവർ 4 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ബാങ്ക് ഉദ്യോഗസ്ഥനും സി.പി.എം നേതാക്കളുമടക്കം മൂന്ന് കുടുംബാംഗങ്ങളും പ്രതിസ്ഥാനത്തുള്ള കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായും പോലീസിന് സംശയമുണ്ട്.