വളാഞ്ചേരിയിൽ ലഹരി ഉപയോഗത്തിലൂടെ എച്ച്ഐവി പടർന്നത് 10 പേർക്ക്

Kerala Uncategorized

മലപ്പുറം: കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ പത്ത് പേര്‍ക്ക് എച്ച്ഐവി പടര്‍ന്ന മലപ്പുറം വളാഞ്ചേരിയില്‍ ക്യാമ്പ് സംഘടിപ്പിച്ച് കൂടുതല്‍ പരിശോധന നടത്താനുള്ള ആലോചനയിലാണ് ആരോഗ്യ വകുപ്പ്. അടുത്ത മാസം ആദ്യത്തോടെ ക്യാമ്പ് നടത്തും എന്നാണ് പറയുന്നത്. ഒറ്റപ്പെട്ട പരിശോധനയോട് ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ സഹകരിക്കാത്തതാണ് ആരോഗ്യ വകുപ്പിനെ കുഴപ്പിക്കുന്നത്.

കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. സ്ക്രീനിംഗിന്റെ ഭാഗമായ ഒരാൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചതോടെയാണ്, ഇയാൾ ഉൾപ്പെടുന്ന ലഹരി സംഘത്തിലേക്ക് അന്വേഷണം നീണ്ടത്. പിന്നാലെ ഇവരിൽ നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് കൂടി എച്ച്ഐവി സ്ഥിരീകരിക്കുകയായിരുന്നു.ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് കാരണം എന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. എച്ച്ഐവി രോഗബാധിതരായ പത്ത് പേരും പ്രത്യേക നിരീക്ഷണത്തിലാണ്. ജില്ലയിൽ മറ്റ് ഭാഗങ്ങളിൽ ഇത്തരത്തിൽ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് പരിശോധിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *