പീരുമേട്: വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് ഹൈറേഞ്ച് മേഖലയിലെ തൊഴിലാളികളുടെയും സാധാരണക്കാരുടെയും വിശ്വസ്തനായ നേതാവായി മാറിയ അഡ്വ. സിറിയക് തോമസ് പീരുമേട് നിയമസഭാ മണ്ഡലത്തിൽ വീണ്ടും സജീവമാകുന്നു. മുൻ എം.എൽ.എ കെ.കെ. തോമസിന്റെ മകനായ സിറിയക് തോമസ്, പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് മണ്ഡലത്തിലെ യുഡിഎഫിന്റെ കരുത്തുറ്റ മുഖമായി മാറിയിരിക്കുകയാണ്.ചങ്ങനാശ്ശേരി എസ്.ബി കോളേജ് മാഗസിൻ എഡിറ്റർ, തിരുവനന്തപുരം ലോ അക്കാദമി കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ തിളങ്ങിയ അദ്ദേഹം പഠനകാലത്ത് തന്നെ മികച്ച സംഘാടകനെന്ന് പേരെടുത്തിരുന്നു. എം.എ, എൽ.എൽ.ബി ബിരുദധാരിയായ സിറിയക് തോമസ് 1993 മുതൽ പീരുമേട് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരുന്നു.തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന സിറിയക് തോമസ്, നിലവിൽ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റുമാണ്. ഇടുക്കി ഡി.സി.സി ജനറൽ സെക്രട്ടറി, പീരുമേട് യു.ഡി.എഫ് കൺവീനർ എന്നീ നിലകളിൽ പാർട്ടി പ്രവർത്തനങ്ങൾക്കും മുന്നണി സംവിധാനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വികസന പ്രവർത്തനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പീരുമേട് മണ്ഡലത്തിൽ എൽ.ഡി.എഫിന് കടുത്ത വെല്ലുവിളിയാണ് സിറിയക് തോമസ് ഉയർത്തിയത്. 2016-ൽ വെറും 314 വോട്ടുകൾക്കും 2021-ൽ 1,845 വോട്ടുകൾക്കും മാത്രമാണ് അദ്ദേഹത്തിന് വിജയം നഷ്ടമായത്. തോൽവിയിലും മണ്ഡലത്തിലെ വോട്ടർമാരുമായി പുലർത്തുന്ന അടുത്ത ബന്ധവും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യു.ഡി.എഫിനുള്ള മേൽക്കൈയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വലിയ പ്രതീക്ഷ നൽകുന്നു.വാഗമൺ മലനാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, ഏലപ്പാറ ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും സഹകരണ മേഖലയിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഭാര്യ. നെൽസി സിറിയക്, മക്കൾ ഡോ. തോമസ് സിറിയക്, മാത്യു സിറിയക്, എൽസ സിറിയക് എന്നിവർക്കൊപ്പംഏലപ്പാറ കളരിക്കൽ ഹൗസിലാണ് താമസം.
പീരുമേടിന്റെ ജനകീയ മുഖം; നിയമസഭയിലേക്ക് വീണ്ടും പോരാട്ടത്തിനൊരുങ്ങി അഡ്വ. സിറിയക് തോമസ്
