വിദ്യാര്‍ത്ഥികള്‍ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ നൈപുണ്യവികസന കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തണം; കേന്ദ്രമന്ത്രി ജയന്ത് ചൗധരി

നിലമ്പൂർ : വിദ്യാര്‍ത്ഥികള്‍ കഴിവുകള്‍ പരിപോഷിപ്പിക്കാനായി നൈപുണ്യവികസന കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. പി.എം.വി.ജെ.കെ പദ്ധതിയിലൂടെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നിലമ്പൂര്‍ ബ്ലോക്കിലേക്ക് അനുവദിച്ച നിലമ്പൂര്‍ അമല്‍ കോളേജിലെ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിലെ നൈപുണ്യ വികസന കോഴ്സുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൈപുണ്യ വികസന കോഴ്സുകള്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വളര്‍ത്താന്‍ സഹായിക്കും. വിദ്യാര്‍ത്ഥികളും വിദ്യാലയങ്ങളും രാഷ്ട്രത്തിന്റെ പുരോഗതിക്ക് എന്നും മുതല്‍ക്കൂട്ടാണ്. ഇനിയുള്ളത് നിര്‍മ്മിത ബുദ്ധിയുടെ കാലമാണെന്നും പ്രായോഗിക അനുഭവസമ്പത്ത് കൊണ്ടു മാത്രമേ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അക്കൗണ്ടിംഗ്, ഹോട്ടല്‍ മാനേജ്മെന്റ്, ഡാറ്റ അനാലിറ്റിക്സ്, ഇന്റീരിയര്‍ ഡിസൈനിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കോണ്ടന്റ് ക്രിയേഷന്‍ തുടങ്ങി നിരവധി കോഴ്സുകളാണ് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിലുള്ളത്. പി.വി അബ്ദുള്‍ വഹാബ് എം.പി അധ്യക്ഷത വഹിച്ച പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.പി മുഹമ്മദ് ബഷീര്‍, ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ആര്‍. റഹ്‌മാന്‍, പി.വി. അലി മുബാറക്, പി.വി. മുനീര്‍, നാലകത്ത് മുഹമ്മദ്, അഫ്സല്‍ പാഷ, ദേവരാജന്‍ അകമ്പാടം, പി.വി. ജവാദ്, അബ്ദുള്‍ വഹാബ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *