ഹൃതിക് റോഷന്റെ പരമ്പരയില്‍ പാര്‍വതി തിരുവോത്ത്; ചിത്രങ്ങള്‍ പങ്കുവച്ച് നടി

വിവാദനായികയെന്ന് പലപ്പോഴും ചലച്ചിത്രലോകം വിളിക്കുന്ന, പാര്‍വതി തിരുവോത്ത് വീണ്ടും ബോളിവുഡില്‍. ബോളിവുഡ് സൂപ്പര്‍താരം ഹൃതിക് റോഷന്റെ വെബ്‌സീരീസില്‍ നായികയാകുന്നു. ഹൃതിക് റോഷന്റെ ആദ്യ നിര്‍മാണ സംരംഭമാണിതെന്ന പ്രത്യേകതയും പാര്‍വതിയുടെ പ്രോജക്ടിനുണ്ട്. ‘സ്റ്റോം’ എന്നാണ് പരമ്പരയുടെ പേര്. സീരീസിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത് പ്രേക്ഷകര്‍ ഏറ്റെടുത്തു. ഹൃതിക് റോഷനും മറ്റു നടിമാരും ഒരുമിച്ചുള്ള സെല്‍ഫി ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് പാര്‍വതി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചത്.ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ ഗംഭീര ത്രില്ലര്‍ ഡ്രാമയാണിതെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചന നല്‍കുന്നു. മുംബൈ എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തിലാണ് ‘സ്റ്റോം’ ഒരുങ്ങുന്നത്. എച്ച്ആര്‍എക്സ് ഫിലിംസിന്റെ ബാനറില്‍ ആമസോണ്‍ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിര്‍മിക്കുന്ന ‘സ്റ്റോം’-ല്‍ അലായ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശര്‍മ, സബ ആസാദ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.ബോളിവുഡിലെ പാര്‍വതിയുടെ മൂന്നാമത്തെ പ്രോജക്ട് ആണ് ‘സ്റ്റോം’. ഫയര്‍ ഇന്‍ ദി മൗണ്ടെന്‍സ്, ടബ്ബര്‍ എന്നീ പരമ്പരകളൊരുക്കിയ അജിത്പല്‍ സിങ് ആണ് ‘സ്റ്റോം’-ന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *