ദോഹ: ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽഥാനി ആവശ്യപ്പെടുകയും ചെയ്തു. ഈ യുദ്ധത്തിന്റെ പ്രധാന ഗുണഭോക്താവ് ഇസ്രായേലാണ്. മേഖലയിലെ രാജ്യങ്ങൾക്കെതിരെ നീതീകരിക്കാൻ കഴിയാത്ത ആക്രമണങ്ങളാണ് ഇറാൻ നടത്തുന്നതെന്നും ഖത്തർ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയും തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനും ദോഹയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് യുദ്ധം അടിയന്തരമായി നിർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഖത്തർ പ്രധാനമന്ത്രി സംസാരിച്ചത്. മേഖലയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള സംഘർഷവികസനമാണ് നിലവിലേത്. ഇറാൻ വിവിധ രാജ്യങ്ങളെ ലക്ഷ്യമാക്കി ആക്രമണം തുടരുകയാണ്.അമേരിക്കൻ സൈനിക താവളങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന ഇറാന്റെ അവകാശവാദം തങ്ങൾ പൂർണമായും തള്ളിക്കളയുന്നു. യുദ്ധവും ആക്രമണങ്ങളും വർധിപ്പിക്കുന്നത് മേഖലയെ കൂടുതൽ അസ്ഥിരമാക്കും. മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും തർക്കങ്ങൾക്ക് ഏക പരിഹാരം നയതന്ത്രമാണെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.യുഎസ് താവളങ്ങളെ മാത്രമല്ല, സിവിലിയൻ, ഊർജ അടിസ്ഥാന സൗകര്യങ്ങളെ കൂടി ഇറാൻ ആക്രമിച്ചെന്ന് ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ഊർജ കേന്ദ്രങ്ങൾക്കെതിരെയുള്ള ആക്രമണം ആഗോളതലത്തിൽ വലിയ ആഘാതം ഉണ്ടാക്കും. ഖത്തറിലെ റാസ് ലഫാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ആളപായമില്ല. ഖത്തർ ജനതയുടെ ജീവനോപാധിക്കു മേലാണ് ആക്രമണമുണ്ടായത്. ഇറാനിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും എന്നാൽ അവിടത്തെ ജനതയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.യുദ്ധം അവസാനിപ്പിക്കാൻ യുഎസുമായും ഇറാനുമായും തങ്ങൾ ചർച്ച നടത്തുന്നുണ്ടെന്ന് തുർക്കി വിദേശകാര്യ മന്ത്രി വെളിപ്പെടുത്തി. ഖത്തർ അടക്കം മേഖലയിലെ രാഷ്ട്രങ്ങൾക്കെതിരെ നടക്കുന്ന യുദ്ധം അംഗീകരിക്കാനാകില്ല. ഇസ്രായേലാണ് യുദ്ധത്തിന്റെ പ്രധാന ഗുണഭോക്താവ് എങ്കിലും അയൽരാജ്യങ്ങളെ ആക്രമിക്കാതിരിക്കാൻ ഇറാന് ചരിത്രപരമായ ബാധ്യതയുണ്ടെന്നും ഹാകാൻ ഫിദാൻ ചൂണ്ടിക്കാട്ടി.
ആക്രമണങ്ങൾ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി
