ദോഹ: ത്രിതല പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് നേരിടേണ്ടിവന്ന കനത്ത പരാജയം ജനങ്ങൾ നൽകിയ ശക്തമായ മുന്നറിയിപ്പാണെന്ന് ഐ എം സി സി ഖത്തർ പ്രസിഡന്റ് പി.പി. സുബൈർ അഭിപ്രായപ്പെട്ടു. തെറ്റ് തിരുത്തി, വീഴ്ചകൾ ശരിയാം വണ്ണം പരിഹരിച്ചു മുന്നോട്ട് പോകാൻ ആത്മാർത്ഥമായ ശ്രമം ഉണ്ടായില്ലെങ്കിൽ വരാൻ പോകുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് അതി ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഉണ്ടാക്കിയ വിജയം ഏറെ ആശങ്കപ്പെടുത്തുന്നതാണ്. വികസന പ്രവർത്തനങ്ങൾ ഒട്ടേറെ നടത്തിയെങ്കിലും , ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ കൃത്യമായി ഇടപെടാൻ സർക്കാറിന് കഴിയാതെപോയി. ആശാവർക്കർമാർ നടത്തിയ സമരത്തെ വേണ്ടവിധം കൈകാര്യം ചെയ്തില്ല. ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരമായി വർഗീയത തുപ്പുന്ന വെള്ളാപ്പള്ളിയെ നിലക്കു നിർത്തുന്നതിന് പകരം അദ്ദേഹത്തിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്ന സമീപനമാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഐഎം സ്വീകരിച്ചത്, ഇത്തരം സമീപനങ്ങൾ ന്യൂനപക്ഷ വിഭാഗത്തിന് സർക്കാരിലുള്ള വിശ്വാസ്യത നഷ്ട്ടപ്പെടുത്തി. പോലീസിലുള്ള പുഴുക്കുത്തുകളെയും, വർഗീയ വാദികളെയും തെളിവുകളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാണിച്ചവരെ തീവ്രവാദി ചാപ്പകുത്താനാണ് സർ ക്കാർ ശ്രമിച്ചത്.ശബരി മലയിൽ നടന്ന സ്വർണ്ണ കൊള്ള വിവാദത്തിൽ, വിശ്വാസി സമൂഹത്തിൽ ഉണ്ടാക്കിയ അതൃപ്തിയും പ്രതിഷേധവും വലുതായിരുന്നു. ഇത്തരം വിഷയങ്ങൾ നേരെചൊവ്വേ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് കൈകാര്യം ചെയ്യാൻ സർക്കാറിന് കഴിയാതെപോയി. വർഗീയതയോട് ഒരു നിലക്കും രാജിയാവരുതെന്ന സിപിഐഎമ്മിൻ്റെ പ്രഖ്യാപിത നിലപാടിൽ പി എം ശ്രീയിൽ ഒപ്പ് വെച്ചതോട്കൂടി വെള്ളം ചേർക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി എം ശ്രീ പദ്ധതിക്ക് എതിരെ ചിന്താ വാരികയിൽ ലേഖനമെഴുതിയതിൻ്റെ തലേന്നാളാണ് മുന്നണി ഘടക കക്ഷികളോ ക്യാബിനറ്റോ അറിയാതെ പ്രസ്തുത പദ്ധതിയിൽ ഉദ്യോഗസ്ഥർ ഒപ്പു വെച്ചത്. ഇത്തരം സംഭവങ്ങൾ സർക്കാരിൽ ജനങ്ങൾ വെച്ച് പുലർത്തിയ വിശ്വാസ്യതയിക്ക് കോട്ടം തട്ടാൻ കാരണമായി. പരാജയത്തിൽ നിന്ന് പാഠ മുൾക്കൊണ്ട്, ഘടക കക്ഷികളെക്കൂടി അവരർഹിക്കുന്ന രൂപത്തിൽ കൂടെ നിർത്തി മുമ്പോട്ട് പോയാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ പരിക്കില്ലാതെ പിടിച്ചു നിൽക്കാൻ മുന്നണിക്ക് കഴിയും. വിജയിച്ച സ്ഥാനാർഥികൾക്കും മുന്നണികൾക്കും അഭിവാദ്യങ്ങൾ നേരൂന്നതായും ലോക കേരള സഭ അംഗം കൂടിയായ പി.പി. സുബൈർ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫലം ജനങ്ങൾ സർക്കാരിന് നൽകിയ ശക്തമായ മുന്നറിയിപ്പ്: പി.പി. സുബൈർ
