സഞ്ജു സാംസന്‍റെ കുട്ടിക്കാലം;വിഴിഞ്ഞത്ത് മുത്തച്ഛന്‍ ഓര്‍ക്കുന്നു

സഞ്ജു സാംസന്‍റെ മുത്തച്ഛൻ അന്തോണിസിന്റെ കണ്ണുകൾ ശാന്തമാണ്.വീടിന്റെ ചുമരുകളിലേക്ക് ആഞ്ഞടിച്ചെത്തിയ തിരമാലകളെയും തൊണ്ണൂറുകളിൽ തീരത്തുണ്ടായ വർഗീയ കലാപങ്ങളെയും 2018ലെ പ്രളയത്തെയും യന്ത്രവൽകൃത ബോട്ടുകളുടെ കടന്നുകയറ്റത്തെയും ആ കണ്ണുകൾ കാണുകയും അതിജീവിക്കുകയും ചെയ്തതാണ്. എങ്കിലും സഞ്ജുവിനെക്കുറിച്ചും സഞ്ജുവിന്റെ കുട്ടിക്കാലത്തെക്കുറിച്ചും സഞ്ജുവിനെ വളർത്തുമ്പോൾ അനുഭവിച്ച സന്തോഷത്തെയും കഷ്ടപ്പാടുകളെയും കുറിച്ചും സംസാരിക്കുമ്പോൾ ആ കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീർ നിറയുന്നു.’തിരമാലകളുടെ പക’യ്ക്ക് ഇരയായവർക്കായി നിർമിച്ച നൂറുവീട് കോളനി (സുനാമി കോളനി)യിലെ തന്റെ മകന്റെ വീട്ടിലാണ് അന്തോണീസ് കഴിയുന്നത്. നീല പെയിന്റിൽ തിളങ്ങുന്ന ഒരു ചെറിയ വീട്. സഞ്ജു കുട്ടിയായിരുന്ന സമയം ഊർസുലൈൻ കോൺവെന്റിലേക്കുള്ള വളവിലെ ഒരു വീട്ടിലായിരുന്നു താമസം. മുത്തച്ഛനും അമ്മാവന്മാരും സഞ്ജുവിന്റെ വീട്ടിൽ നിന്ന് ഏതാനും നിരകൾക്കപ്പുറമ്മാണ് താമസിച്ചിരുന്നത്. “ഡൽഹിയിൽ നിന്ന് സഞ്ജുവിനേയും കൂട്ടി കുടുംബം നാട്ടിലേക്ക് മാറിയപ്പോൾ എനിക്ക് ഏറെ സന്തോഷമായിരുന്നു. കാരണം അതിലൂടെ സഞ്ജുവിനെയും ചേട്ടന്‍ സാലിയെയും എനിക്ക് ഇടയ്ക്കിടെ കാണാൻ സാധിച്ചിരുന്നു. അതിനുമുൻപ് കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ എനിക്ക് അധികം അവസരം കിട്ടിയിരുന്നില്ല,” സഞ്ജുവിന്റെ മുത്തച്ഛൻ പറയുന്നു. പ്രാദേശികമായ തമിഴ് മലയാളം കലർന്ന ചുവയുള്ള ശൈലിയിലാണ് അദ്ദേഹത്തിന്റെ സംസാരം. ഇന്ത്യൻ താരത്തിന്റെ മുത്തച്ഛന്റെ ഇടറുന്ന വാക്കുകൾക്ക് ഇപ്പോൾ ഒരു സ്പീഡ് ബോട്ടിന്റെ വേഗതയാണ്.വിഴിഞ്ഞത്തെ നൂറുകണക്കിന് മറ്റ് കുടുംബങ്ങളെപ്പോലെ മിക്കവാറും എല്ലാ കാലങ്ങളിലും കടലിൽ പോകുന്നതിന്റെ തിരക്കിലായിരുന്നു അന്തോണീസ്. “ഇതായിരുന്നു സഞ്ജുവിന്റെ ഇവിടുത്തെ ആദ്യത്തെ ഗ്രൗണ്ട്. മണൽ മാത്രമായിരുന്നു. സഞ്ജുവിന്റെ അച്ഛൻ സ്ഥലത്തില്ലാത്തപ്പോഴോ അതല്ലെങ്കിൽ എനിക്ക് തിരക്കില്ലാത്തപ്പോഴോ ഞാൻ സഞ്ജുവിനേയും സാലിയേയും കൂട്ടി അവിടെ പോയി ഫുട്ബോൾ കളിച്ചിരുന്നു.” “മണലിലൂടെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും പന്ത് തട്ടും. പിന്നീട് അവർ എനിക്ക് ക്രിക്കറ്റ് എന്ന ഈ വിചിത്രമായ കളി പരിചയപ്പെടുത്തി. ക്രിക്കറ്റിന്റെ നിയമങ്ങളൊന്നും എനിക്ക് ഇപ്പോഴും അറിയില്ല, ഞാൻ വെറുതെ അവർക്ക് പന്ത് എറിഞ്ഞു കൊടുക്കുമായിരുന്നു,” അദ്ദേഹം ഓർക്കുന്നു. സഞ്ജു ബാറ്റ് ചെയ്യുമ്പോൾ മാത്രമാണ് ഇപ്പോൾ മുത്തച്ഛൻ ക്രിക്കറ്റ് കാണാറുള്ളത്. “അദ്ദേഹത്തിന് വലിയ അസ്വസ്ഥതയായിരിക്കും ആ സമയം,” സഞ്ജുവിന്റെ അമ്മായി അനിത ഇടയ്ക്ക് പറഞ്ഞു സഞ്ജു പെട്ടെന്ന് ഔട്ടാകുമ്പോൾ മുത്തച്ഛന് വലിയ വിഷമമാവും. അവൻ വലിയ സ്കോറുകൾ നേടുമ്പോൾ വലിയ സന്തോഷത്തിലാകുമെന്നും അമ്മായി പറയുന്നു.‘എന്തുകൊണ്ടാണ് തിരമാലകൾക്ക് ഇത്ര ദേഷ്യം’സഞ്ജുവും സാലിയും ക്ഷീണിതരാവുമ്പോൾ മുത്തച്ഛൻ അവരെയും കൂട്ടി കടൽത്തീരങ്ങളിലേക്ക് പോകുമായിരുന്നു. പകൽ മുഴുവൻ അധ്വാനിച്ചതിന്റെ ക്ഷീണത്തിൽ വിശ്രമിക്കുന്ന പല നിറങ്ങളിലുള്ള മരവള്ളങ്ങളും ചെറിയ യന്ത്രബോട്ടുകളും അവിടെ നിരന്നു കിടപ്പുണ്ടാകും. “തിരമാലകൾക്ക് എന്തുകൊണ്ടാണ് ഇത്ര ദേഷ്യമെന്ന് ചില സമയങ്ങളിൽ സഞ്ജു എന്നോട് ചോദിക്കും. ഞാൻ അവനോട് പറയും, അവ നമ്മളെപ്പോലെയാണ്, ചിലപ്പോൾ സന്തോഷിക്കും, ചിലപ്പോൾ ദേഷ്യപ്പെടും. അതാണ് ജീവിതം,” അദ്ദേഹം ഓർത്തെടുക്കുന്നു.കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ചില മത്സരങ്ങളിൽ പൂജ്യത്തിന് പുറത്താകുന്നത് എന്തുകൊണ്ടാണെന്ന് അന്തോണിസ് ചോദിച്ചപ്പോൾ സഞ്ജു നൽകിയ മറുപടി അദ്ദേഹം വെളിപ്പെടുത്തുന്നു, “ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ദൈവമുണ്ട്, സച്ചിൻ ടെണ്ടുൽക്കർ. അദ്ദേഹവും പൂജ്യത്തിന് പുറത്താകാറുണ്ട്. ഞാനിപ്പോഴും ചെറുപ്പമല്ലേ.” സഞ്ജു തന്റെ ഉപദേശം ഓർത്തുവെച്ചതിലും അത് തന്റെ കളിയിൽ ഉൾപ്പെടുത്തിയതിലും മുത്തച്ഛന് സന്തോഷമുണ്ട്. ഏതാണ്ട് 13 വർഷമായി കടലിൽ പോകുന്നത് നിർത്തിയെങ്കിലും ഇതിനെ മീൻപിടുത്തവുമായി അദ്ദേഹം താരതമ്യം ചെയ്യുന്നു. ധാരാളം മീൻ കിട്ടുന്ന ദിവസങ്ങളുണ്ടാകും. അതുപോലെ തന്നെ വല ഒഴിഞ്ഞിരിക്കുന്ന ദിവസങ്ങളും. വറുതിയായാലും ഐശ്വര്യമായാലും തന്റെ പക്കലുള്ള ഏറ്റവും മികച്ച വിഹിതം സഞ്ജുവിനും സാലിക്കുമായി മുത്തച്ഛൻ മാറ്റിവെച്ചിരുന്നു.കടലിനേയും കടലുമായി ബന്ധപ്പെട്ടവയേയും കുറിച്ചുള്ള കഥകൾ സഞ്ജുവിന് ഏറെ ഇഷ്ടമായിരുന്നതായി അദ്ദേഹം പറഞ്ഞു. “എന്റെ സാഹസികതകളെക്കുറിച്ചും മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെക്കുറിച്ചും നേരിടേണ്ടി വന്ന പ്രക്ഷുബ്ധമായ കടലിനെക്കുറിച്ചും സഞ്ജു ശാന്തനായി കേട്ടിരിക്കുമായിരുന്നു.” “സാലിയെ ഞാൻ കടലിൽ കൊണ്ടുപോയിട്ടുണ്ട്. പക്ഷേ സഞ്ജുവിനെ കൊണ്ടുപോയിട്ടില്ല. കടലിൽ കൊണ്ടുപോകാൻ പറഞ്ഞ് സഞ്ജു എപ്പോഴും എന്നെ നിർബന്ധിക്കുമായിരുന്നു. ഒരുപക്ഷേ, ഒരു ദിവസം ഞാൻ അവനെ കൊണ്ടുപോകുമായിരിക്കും,” സഞ്ജുവിന്റെ മുത്തച്ഛൻ പറഞ്ഞു.മറ്റു മുത്തച്ഛന്മാരെപ്പോലെ സഞ്ജുവിനെ അദ്ദേഹം അധികം ലാളിച്ചിരുന്നില്ല. വള്ളത്തിന്റെ തുഴയിൽ നിന്ന് ഒരു ബാറ്റ് കൊത്തിയുണ്ടാക്കി കൊടുത്തിട്ടുണ്ട്. സഞ്ജുവിന് വേണ്ടി അദ്ദേഹം ഒരിക്കലും ഒരു ക്രിക്കറ്റ് ബാറ്റ് വാങ്ങി നൽകിയിട്ടില്ല. എന്നാൽ വിലപ്പെട്ട ജീവിതപാഠങ്ങൾ പകർന്നുനൽകിക്കൊണ്ട് അദ്ദേഹം സഞ്ജുവിനെ കരുതലോടെ വളർത്തി.“ഈ വിഴിഞ്ഞം മത്സ്യബന്ധന പട്ടണത്തിൽ ആരും ആരെയും ഒന്നും പഠിപ്പിക്കാറില്ല. കുട്ടികൾ അവരുടെ മാതാപിതാക്കളെയും അമ്മാവന്മാരെയും പിന്തുടരുന്നു. അവർ നോക്കിനിന്ന് കാര്യങ്ങൾ പഠിക്കുന്നു. അതാണ് ഇവിടുത്തെ പ്രകൃതിനിയമം. നിങ്ങൾ കരുത്തരും ധൈര്യശാലികളും ആയിരിക്കണം,” അദ്ദേഹം പറയുന്നു.Written by Santheep

Leave a Reply

Your email address will not be published. Required fields are marked *