ഇംഫാല്‍: സംഘര്‍ഷം ആരംഭിച്ച് രണ്ടുവര്‍ഷത്തിനുശേഷം ആദ്യമായി മണിപ്പൂര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇംഫാല്‍ വിമാനത്താവളത്തിലെത്തിയ മോദിയെ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയും ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഗോയലും ചേര്‍ന്ന് സ്വീകരിച്ചു. ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നാടാണ് മണിപ്പൂർ എന്നും മണിപ്പൂരിലെ കുന്നുകള്‍ പ്രകൃതിയുടെ വിലമതിക്കാനാകാത്ത സമ്മാനം മാത്രമല്ല, ജനങ്ങളുടെ അക്ഷീണ കഠിനാധ്വാനത്തിന്റെ പ്രതിഫലനം കൂടിയാണ് എന്നും നരേന്ദ്രമോദി പറഞ്ഞു. മണിപ്പൂരിലെ ജനങ്ങളുടെ ചൈതന്യത്തെ താന്‍ അഭിവാദ്യം ചെയ്യുകയാണെന്നും സംസ്ഥാനത്തെ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി എല്ലാവരും സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കണമെന്നും മോദി പറഞ്ഞു.മണിപ്പൂര്‍ പ്രതീക്ഷയുടെയും അഭിലാഷത്തിന്‍റെയും ഭൂമിയാണ്. അതിന് അശാന്തിയുടെ മുറിവേറ്റിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന കുടുംബങ്ങളെ കണ്ടു. മണിപ്പൂരില്‍ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ഒരു പുതിയ പ്രഭാതം ഉദിച്ചുയരുകയാണ്. വികസനത്തിന്റെ അടിത്തറ സമാധാനമാണ്. സമാധാനത്തിന്റെ പാതയില്‍ മുന്നോട്ട് പോകാനും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്. മണിപ്പൂരിലെ ഏതൊരു അക്രമവും നിര്‍ഭാഗ്യകരമാണ്. സമാധാനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ് എന്ന് നരേന്ദ്രമോദി വ്യക്തമാക്കി.
ഞാന്‍ മണിപ്പൂരിൽ സമാധാനത്തിന്റെ വലിയ മാതൃക സൃഷ്ടിക്കും എന്ന് നരേന്ദ്രമോദി
