തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കാഡ്കോ), പരമ്പരാഗത ആർട്ടിസാന്മാരുടെ സംസ്ഥാനതല സംഗമം സംഘടിപ്പിക്കുന്നു. ഒക്ടോബർ 15ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം ടാഗോർ തീയറ്ററിലാണ് സംഗമം.സ്വർണ്ണപ്പണി, മരപ്പണി, കല്പണി, ഇരുമ്പുപണി, ക്ഷേത്ര നിർമ്മാണം, ശില്പ നിർമ്മാണം, ഓട്ടുപാത്ര നിർമ്മാണം മുതലായ പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടവരും കാഡ് കോയുടെ ലേബർ ഡാറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്തവരുമായ ആർട്ടിസാന്മാർ സംഗമത്തിൽ പങ്കെടുക്കും. ഇരുപതിനായിരത്തിലധികം ആർട്ടിസാന്മാർ ഡാറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ, നിർമ്മാണേതരവിഭാഗത്തിൽ മികച്ച സ്ഥാപനത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം നേടിയ കാഡ്കോ, കഴിഞ്ഞ ഒമ്പതുവർഷമായി മികച്ച ലാഭത്തിലാണ്. 53.05 കോടി രൂപയാണ് നടപ്പു സാമ്പത്തിക വർഷത്തിലെ വിറ്റുവരവ്. വിവിധ പദ്ധതികളിലൂടെ ആർട്ടിസാന്മാരുടെ ജീവിത നിലവാരം ഉയർത്തുവാനും സാമൂഹികമായും സാമ്പത്തികമായും അവരെ പുരോഗതിയിലേക്ക് നയിക്കുവാനും ഉല്പന്നങ്ങൾക്ക് വിപണിക്കണ്ടെത്തുവാനും കാഡ്കോയ്ക്ക് സാധിച്ചു. പതിനഞ്ച് ലക്ഷത്തിലധികം തൊഴിൽ ദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.വ്യവസായ, വാണിജ്യ വകുപ്പു മന്ത്രി പി.രാജീവ് സംഗമം ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. ആർട്ടിസാൻസ് ലേബർ ഡാറ്റാബാങ്ക് തിരിച്ചറിയൽ കാർഡുകളുടെ വിതരണം, ടൂൾകിറ്റ് വിതരണം, ഗോൾഡ് അപൈ്പ്രസർ പരിശീലന വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, മികച്ച ആർട്ടിസാൻസ് സംരംഭകനുള്ളപുരസ്കാര സമർപ്പണം, കാഡ്കോയുടെ മികച്ച മേഖലാ ഓഫീസിനുള്ള പുരസ്കാരദാനം എന്നിവയാണ് പരിപാടികൾ. തെങ്ങിൻതടിയിൽ മൂല്യവർധിത ഉല്പന്നങ്ങളുടെ നിർമ്മാണം, ദക്ഷിണമേഖല (കൊല്ലം) ഓഫീസ് മന്ദിര നിർമ്മാണം എന്നീ പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. വാർത്താസമ്മേളനത്തിൽ കാഡ്കോ മാനേജിംഗ് ഡയറക്ടർ സി.വി.മാത്യു, പ്രോജക്റ്റ് മാനേജർ എസ്.ആദർശ് എന്നിവരും പങ്കെടുത്തു.
കാർഡ്കോ ആർട്ടിസാൻസ് സംഗമം 15 ന്
