ഷോർണൂർ. നേത്രാവതി എക്സ്പ്രസിൽ മുംബൈ സ്വദേശിയായ 24 കാരനായ അഭിഷേക് ബാബുവിന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളൽ ഏൽപ്പിച്ച സംഭവത്തിൽ പാൻട്രികാർ ജീവനക്കാരൻ ഉത്തർപ്രദേശ് സ്വദേശിയായ രാഘവേന്ദ്ര സിംഗിനെ ഷൊർണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. നേത്രാവതി എക്സ്പ്രസിൽ ഇന്നലെ ആണ് സംഭവം നടന്നത്. മുംബൈയിൽ നിന്ന് അഭിഷേക് ബാബു സുഹൃത്തുക്കൾക്കൊപ്പം തൃശ്ശൂരിൽ ഉള്ള സുഹൃത്തിൻറെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന വെള്ളം തീർന്നതുകൊണ്ട്പാൻട്രികാറിലേക്ക് വെള്ളം വാങ്ങാൻ വേണ്ടി യുവാക്കൾ 200 രൂപ നൽകിയപ്പോൾ 15 രൂപ കൊടുക്കാൻ ജീവനക്കാരൻ ആവശ്യപ്പെടുകയും ഇതോടെ യുവാക്കളും പാൻട്രികാർ ജീവനക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. എന്നാൽ സീറ്റിന് അടുത്തേക്ക് തിരിച്ചെത്തിയപ്പോൾ കണ്ണടയും തൊപ്പിയും മറന്നു വെച്ചതുകൊണ്ട് അതു വാങ്ങാൻ വേണ്ടി പാൻട്രികാർൻ്റെ അടുത്ത് ചെന്നപ്പോൾ രാവിലെ തരാം എന്നു പറഞ്ഞതുകൊണ്ട് ഇന്നലെ രാവിലെ 10 മണിയോടെ ഇവർ വീണ്ടും കണ്ണടയും തൊപ്പിയും ആവശ്യപ്പെട്ട് ചെന്നപ്പോൾ പാൻട്രികാർ ജീവനക്കാരനായ രാഘവേന്ദ്ര സിംഗ് സ്റ്റീൽ ബക്കറ്റിൽ തിളച്ച വെള്ളമെടുത്ത് അഭിഷേക് ബാബുവിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു. യുവാക്കൾ റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുതുകിനും കാലിനും പൊള്ളലേറ്റ അഭിഷേക് ബാബുവിനെ സുഹൃത്തുക്കളും റെയിൽവേ പോലീസും ചേർന്ന് തൃശ്ശൂര് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചില്ലറ ചോദിച്ച തർക്കത്തിൽ നേത്രാവതി എക്സ്പ്രസിൽ യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച പാൻട്രികാർ ജീവനക്കാരൻ അറസ്റ്റിൽ
