കോട്ടയം. ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ പോലീസിന് കിട്ടിയത് മാല മോഷണ കേസിലെ പ്രതിയെയായിരുന്നു. വെള്ളിനാപ്പള്ളി ചക്കാമ്പുഴ കാരോട്ടു കാവാലംകുഴിയിൽ കെജി നിഖിൽ(33) ആണ് പ്രതി. വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലെ പ്രതിയായിരുന്നു നിഖിൽ. കഴിഞ്ഞ 24ന് വൈകിട്ട് ഏറ്റുമാനൂർ കിഴക്കുംഭാഗം മന്നത്തൂർ കോളനിക്ക് സമീപമുള്ള വീട്ടിലായിരുന്നു ഇയാൾ കവർച്ച നടത്തിയത്. വീടിൻറെ ഹാളിൽ കയറിയ പ്രതി വീട്ടമ്മയുടെ കഴുത്തിൽ കിടന്ന രണ്ടു പവന്റെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടയാണ് നിഖിലിന്റെ ഭാര്യ ഭർത്താവിനെ കാണാനില്ലെന്ന് പരാതി പോലീസ് സ്റ്റേഷനിൽ നൽകിയത്. ഇയാളെ കണ്ടെത്താൻ വേണ്ടി അന്വേഷണം നടത്തി കഴിഞ്ഞദിവസം എറണാകുളത്ത് പള്ളിമുക്കിൽ വച്ച് കണ്ടു പിടിച്ചപ്പോഴാണ് ഇത് മാല മോഷണ കേസിലെ പ്രതിയാണെന്ന് പോലീസിന് മനസ്സിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
