ദോഹ: ഉഭയകക്ഷി സഹകരണം ചർച്ച ചെയ്ത് ഇന്ത്യ-ഖത്തർ സംയുക്ത നിക്ഷേപ സംഘം. ന്യൂഡൽഹിയിലായിരുന്നു കൂടിക്കാഴ്ച.
ഖത്തർ വിദേശവ്യാപാര-വാണിജ്യ വകുപ്പു സഹമന്ത്രി ഡോ.അഹ്മദ് ബിൻ മുഹമ്മദ് അൽ സഈദിന്റെ നേതൃത്വത്തിലാണ് ഉന്നതതല സംഘം ന്യൂഡൽഹിയിലെത്തിയത്. സർക്കാർ -സ്വകാര്യ മേഖലയിലെ പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തു.
ഇന്ത്യൻ വാണിജ്യ വകുപ്പു മന്ത്രി പിയൂഷ് ഗോയൽ, ധനമന്ത്രി നിർമല സീതാരാമൻ, ധന വകുപ്പു സഹമന്ത്രി പങ്കജ് ചൗധരി, ഇന്ത്യൻ ഇൻഡസ്ട്രി കോൺഫെഡറേഷൻ കൗൺസിൽ ചെയർമാൻ രാജീവ് മേമാനി തുടങ്ങിയവരുമായി സംഘം ചർച്ച നടത്തി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രാദേശിക സഹകരണവും സാമ്പത്തിക-വ്യാപാര-നിക്ഷേപ ബന്ധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് ഖത്തർ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഗതാഗതം, ലോജിസ്റ്റിക്സ്, ധനനിക്ഷേപ പദ്ധതികൾ, ഭക്ഷ്യസുരക്ഷ, കൃഷി തുടങ്ങിയ മേഖലകളിലെ സഹകരണവും ചർച്ചയായി.
ഇന്ത്യയും ഖത്തറും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിന് ശ്രമം നടക്കുന്നതായി പിയൂഷ് ഗോയൽ വെളിപ്പെടുത്തി. ഖത്തറിന് പുറമെ, സൗദിയുമായും കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഒമാനുമായി വൈകാതെ ഉടമ്പടി ഒപ്പുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജിസിസി രാഷ്ട്രങ്ങളിൽ നിലവിൽ യുഎഇയുമായി ഇന്ത്യക്ക് സ്വതന്ത്ര വ്യാപാര കരാറുണ്ട്. 2022 മെയിലാണ് കരാർ യാഥാർഥ്യമായത്.
ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമാക്കി മാറ്റാനുള്ള സുപ്രധാന കരാറിൽ ഖത്തറും ഇന്ത്യയും കഴിഞ്ഞ ഫെബ്രുവരിയിൽ ഒപ്പുവെച്ചിരുന്നു.
ഉഭയകക്ഷി സഹകരണം ചർച്ച ചെയ്ത് ഖത്തർ – ഇന്ത്യ സംയുക്ത നിക്ഷേപ സംഘം.
