ഭക്തർക്ക് അനുഗ്രഹവർഷം ചൊരിഞ്ഞ് തിരുവമ്പാടിക്കാവിലമ്മ

കടുത്തുരുത്തി : ഭക്തർക്കും നാടിനും അനുഗ്രഹവർഷം ചൊരിഞ്ഞ് തിരുവമ്പാടിക്കാവിലമ്മ. മീനഭരണി മഹോത്സവത്തോട് അനുബന്ധിച്ചുള്ള കളമെഴുത്തുപാട്ട് 25 ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞപ്പോൾ ദാരികനിഗ്രഹം കഴിഞ്ഞ് ഉഗ്രഭാവത്തോടെ വിളങ്ങുന്ന ദേവി പ്രസന്നവദനയായി കൃപാകടാക്ഷങ്ങൾ ചൊരിയുന്നതായി ഭക്തർ വിശ്വസിക്കുന്നു..ഒരോ കുടുംബങ്ങളുടേയും സംഘടനകളുടേയും വഴിപാടായിട്ടാണ് കളമെഴുത്തുപാട്ടും ദീപാരാധനയും നടത്തിവരുന്നത്.

ദാരികനിഗ്രഹം കഴിഞ്ഞ് കോപാക്രാന്തയായി വേതാളത്തിന്റെ പുറത്ത് പാഞ്ഞുവരുന്ന ഭദ്രകാളി ദേവിയുടെ കോപം ശമിപ്പിക്കാൻ ഈ രൂപം ദേവിയെ വരച്ചു കാണിക്കണമെന്ന് പരമശിവൻ സുബ്രഹ്മണ്യനോട് നിർദേശിച്ചതനുസരിച്ച് കൈലാസ കവാടത്തിൽ വർണ്ണപ്പൊടികൾ കൊണ്ട് കളം വരച്ചു. ഇതാണ് ആദ്യകളം എന്നാണ് ഐതീഹ്യം. ദേവിയുടെ ഈ രൂപം വരച്ച് ആരാധിക്കുന്നത് നാടിനും നാട്ടുകാർക്കും ശ്രേയസ്കരമായി ഭക്തർ വിശ്വസിക്കുന്നു.

തിരുവമ്പാടി ഭഗവതിക്ഷേത്രത്തിൽ ഈ വർഷത്തെ മീനഭരണി മഹോത്സത്തോട് അനുബന്ധിച്ച് 41 ദിവസത്തെ കളം വരയ്ക്കുന്നത് ബ്രഹ്മമംഗലം കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള കളമെഴുത്ത് കലാകാരൻമാരാണ്. ഈ മാസം 20, 21, 22 തിയതികളിൽ വിപുലമായ കലാപരിപാടികളോടും ഭക്തിനിർഭരമായ ക്ഷേത്ര ചടങ്ങുകളോടെയും മീനഭരണി മഹോത്സവം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *