പിറന്നാള്‍ സ്‌പെഷ്യല്‍ കെബിസി എപ്പിസോഡ്; ബച്ചന് ആശംസകളുമായി ജാവേദ് -ഫര്‍ഹാന്‍

ഒക്ടോബര്‍ 11ന് ഇന്ത്യന്‍ വെള്ളിത്തിരയിലെ ഇതിഹാസതാരം അമിതാഭ് ബച്ചന് 83 വയസ് തികയുന്നു. സ്വകാര്യ ഒത്തുചേരലിനും ആഘോഷങ്ങള്‍ക്കുശേഷം, കോന്‍ ബനേഗ ക്രോര്‍പതി സീസണ്‍ 17 ന് ആതിഥേയത്വം വഹിക്കാനും സമയം ചെലവഴിക്കും. അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അതിഥികളും കെബിസി സ്‌പെഷ്യല്‍ എപ്പിസോഡില്‍ എത്തും.

ഇന്ത്യന്‍ വെള്ളിത്തിരയില്‍ ഇതിഹാസമായി മാറിയ ‘ഷോലെ’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തറും മകനും ബോളിവുഡ് നടനുമായ ഫര്‍ഹാന്‍ അക്തറുമാണ് പ്രത്യേക പതിപ്പിലെ അതിഥികള്‍. അമിതാഭ് ബച്ചന്റെ കരിയറിലെ പ്രധാനവഴിത്തിരിവുകളിലൊന്നാണ് ഷോലെ. ചിത്രത്തിന്റെ 50 വര്‍ഷാഘോഷത്തിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ബച്ചനും കുടുംബവുമായും അക്തറിന് ഊഷ്മളമായ ബന്ധമുണ്ട്. അച്ഛന്‍-മകന്‍ കോന്‌പോ കെബിസിയുടെ താരപ്രഭയുള്ള എപ്പിസോഡുകളിലൊന്നായിരിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു.

കെബിസി സെന്ററിലേക്കെത്തിയ അച്ഛനും മകനും മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തു. ‘ഞങ്ങള്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരുന്നു. അദ്ദേഹത്തിന് എപ്പോഴും നല്ല ആരോഗ്യം ഉണ്ടാകട്ടെ. അദ്ദേഹം ദീര്‍ഘായുസോടെ ഇരിക്കെട്ടയെന്നു പ്രാര്‍ഥിക്കുന്നു…’ ഇരുവരും പറഞ്ഞു. ഷാര്‍പ്പ് ഗ്രേ സ്യൂട്ടും പ്ലെയിന്‍ വൈറ്റ് ടി-ഷര്‍ട്ടുമാണ് ഫര്‍ഹാന്‍ ധരിച്ചിരുന്നത്. അതേസമയം ജാവേദ് ചുവന്ന കുര്‍ത്തയും കറുത്ത പാന്റും ധരിച്ച് തന്റെ ക്ലാസിക് ടച്ചിലാണ് എത്തിയത്.

കോന്‍ ബനേഗ ക്രോര്‍പതിയുടെ സെറ്റില്‍ അമിതാഭ് ബച്ചന്‍ തന്റെ ജന്മദിനം ആഘോഷിക്കുന്നത് ഇതാദ്യമായല്ല . 2022 ല്‍, ബിഗ് ബിക്ക് 80 വയസു തികഞ്ഞപ്പോള്‍, ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും ഷോയില്‍ പങ്കുചേര്‍ന്നത് ആരാധകര്‍ക്ക് ഉത്സവാഘോഷമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *