കൊച്ചി :‘പഴയ ഒരു നിർമ്മിതി തകർത്താണ് ബാബരി മസ്ജിദ് നിർമിച്ചത് ‘എന്ന വിചിത്രവും അവാസ്തവുമായ അഭിപ്രായത്തിലൂടെ ജുഡീഷ്യറിയുടെ ഭരണഘടനാപരമായ സ്വതന്ത്ര സ്വഭാവത്തെ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അപകടപ്പെടുത്തിയിരിക്കുക യാണെന്ന് പിഡിപി കേന്ദ്ര കമ്മറ്റി അഭിപ്രായപ്പെട്ടു.ഈ അഭിപ്രായപ്രകടനം അനുചിതവും സുപ്രീംകോടതി മുൻചീഫ് ജസ്റ്റിസ് എന്ന പദവിയുടെ ധാർമികതയ്ക്ക് നിരക്കാത്ത പ്രവർത്തിയാണ്.ഭരണഘടന കോടതിയുടെ ഉള്ളിൽനിന്ന് പുറത്തിറങ്ങുമ്പോൾ പെരുമഴയിൽ നനഞ്ഞു പോയ നീലക്കുറുക്കന്മാരെ പോലെ കേന്ദ്രസർക്കാർ താല്പര്യത്തിന് വേണ്ടി അശ്ലീല വിധേയത്വത്തോടെ കൂവുന്നവരുടെ പട്ടികയിലാണ് താനെന്ന് അദ്ദേഹം സ്വയം തെളിയിച്ചിരിക്കുകയാണ്.പ്രതിപക്ഷ മുക്ത ഭാരതത്തിലേക്കുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അവിശുദ്ധ യുദ്ധമായിരുന്നു ബാബരി മസ്ജിദ് തകർക്കലിലൂടെയൂം തുടർന്ന് രാജ്യത്താകമാനം നടത്തിയ കലാപങ്ങളിലൂടെയും ഹിന്ദുത്വ വർഗീയവാദികൾ ലക്ഷ്യമിട്ടത്. ബാബരി മസ്ജിദിനുള്ളിൽ അനധികൃതമായി സ്ഥാപിച്ച പ്രതിഷ്ഠ സരയൂ നദിയിലേക്ക് വലിച്ചെറിയാൻ ആവശ്യപ്പെട്ടത് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്റു ആയിരുന്നു.ഏതെങ്കിലും ഒരു പഴയ നിർമ്മിതി തകർത്തല്ല ബാബരി മസ്ജിദ് നിർമ്മിച്ചത് എന്നത് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളിൽ തന്നെ വ്യക്തമായതാണ് . ‘ക്രിമിനൽ കുറ്റം’ എന്ന ഭാഷാപ്രയോഗത്തിലൂടെ 92 ലെ ബാബരി മസ്ജിദ് ധ്വoസനത്തെ അതിരൂക്ഷമായ രീതിയിൽ സുപ്രീംകോടതി തന്നെ വിമർശിച്ചിട്ടുണ്ട്. നിഷ്പക്ഷമായ നീതി നിർവഹണത്തിന് അധികാര കേന്ദ്രങ്ങളോട് കൃത്യമായ ദൂരം പാലിക്കണമെന്ന ധാർമികതയെ അവഗണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ തന്നെ പ്രധാനമന്ത്രിയെ സ്വന്തം വസതിയിലേക്ക് മതപരമായ ചടങ്ങിന് ക്ഷണിച്ച് വിവാദത്തിൽ ആയ വ്യക്തിയാണ് ജസ്റ്റിസ് ചന്ദ്രചൂഡ്. ഈ വിഷയത്തിലും ന്യായാധിപനായിരിക്കെ കോടതി നടപടികളിൽ സ്വീകരിച്ച നിലപാടുകൾക്കുംസുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡണ്ടും രാജ്യത്തെ മുതിർന്ന അഭിഭാഷകനുമായ അഡ്വക്കേറ്റ് ദുഷ്യന്ത് ദവേ ഉൾപ്പെടെയുള്ളവരുടെ മുതിർന്ന അഭിഭാഷകരുടെ അതിരൂക്ഷമായ വിമർശനത്തിന് വിധേയനായിട്ടുണ്ട്.കോടതിയുടെ പരിഗണനയുള്ള ഒരു തർക്ക വിഷയത്തിൽ കോടതി തീർപ്പ് കൽപ്പിക്കുന്നതിന് മുമ്പ് അഭിപ്രായം പറയാൻപാടില്ല എന്ന് സാധാരണ പൗരന്മാർ പുലർത്തുന്ന സൂക്ഷ്മത പോലും പുലർത്താതെ ഗ്യാൻ വ്യാപി മസ്ജിദ് വിഷയത്തിലും അടിസ്ഥാനമില്ലാത്ത അഭിപ്രായങ്ങൾ അദ്ദേഹം നടത്തിയിരിക്കുന്നു.പ്രസ്തുത വിഷയത്തിലുള്ള വിവിധ ഹർജികൾ രാജ്യത്തെ വിവിധ കോടതികളുടെ പരിഗണനയിലിരിക്കയാണ് ഇത്തരം അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. അടിസ്ഥാനമില്ലാത്ത ഇത്തരം വിമർശനങ്ങളിലൂടെ നിഷ്പക്ഷതയുള്ള നീതി നിർവഹണത്തിന് അനുയോജ്യനായ ന്യായാധിപൻ ആയിരുന്നില്ല താൻ എന്ന് സ്വയം തെളിയിച്ചിരിക്കുകയാ ണെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിൽ പറഞ്ഞു.
ബാബരി മസ്ജിദ് വിഷയത്തിലുള്ള അഭിപ്രായം -ജുഡീഷ്യറിയുടെ ഭരണഘടനാപരമായ സ്വതന്ത്ര സ്വഭാവത്തെ ജസ്റ്റിസ് ചന്ദ്രചൂഡ് അപകടപ്പെടുത്തി.പി.ഡി.പി
