പീരുമെട് :ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ഉള്ള മാലിന്യങ്ങൾ അനധികൃതമായി റോഡ് വക്കിൽ തള്ളിയതിൽ വണ്ടി പിടിച്ചെടുത്ത് 50000 രൂപ വണ്ടി പെരിയാർ പഞ്ചായത്ത് പിഴ ചുമത്തി വാഹനം പോലീസ് കസ്റ്റഡിയിൽ. വണ്ടിപ്പെരിയാറിന്റെ പരിസരപ്രദേശങ്ങളിൽ നടക്കുന്ന സിനിമ ഷൂട്ടിംഗിന് എത്തിയ വാഹനത്തിലാണ് മാലിന്യം കൊണ്ടുവന്ന് പഞ്ചായത്ത് സ്കൂളിന് താഴെ തേയിലക്കാട്ടിലേക്ക് തള്ളിയത്. ദുർഗന്ധം വമിക്കുന്ന ഭക്ഷണ മാലിന്യമാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും എത്തിച്ചത്.ഈ സമയം ഇതുവഴി കടന്നുപോയ ടാക്സി ഡ്രൈവർമാർ മാലിന്യം തള്ളുന്നത് കാണുകയും പഞ്ചായത്തിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാഹനം പിടിച്ചെടുത്തു. എറണാകുളം പാലാരിവട്ടം സ്വദേശി ജനറ്റ് രാജീവ് എന്ന ആളുടെ പേരിലുള്ള വാഹനത്തിലെ ഡ്രൈവർ എറണാകുളം സ്വദേശി എം.സി വിൽസൺ ആണ് മാലിന്യം തള്ളിയത്. കൂടാതെ പാമ്പനാർ സ്വദേശികളായ മൂന്ന് തൊഴിലാളികളും ഉണ്ടായിരുന്നു.ഖരമാലിന്യം ഉറവിടത്തിൽ സംസ്കരിക്കാതെ അനധികൃതമായി റോഡ് വക്കിൽ നിക്ഷേപിച്ചതിനാണ് വാഹന ഉടമയ്ക്ക് 50,000 രൂപ പിഴ ചുമത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു അവർ വാഹനം കസ്റ്റഡിയിലെടുത്തു. പഞ്ചായത്ത് സെക്രട്ടറി ബിജോയ്, ജീവനക്കാരായജിജോമോൻ, രഞ്ജിത്,പികെ ഗോപിനാഥൻ, ബൈജു ചെറിയാൻ,സജി ജേക്കബ്, സജീവ്, അശ്വിൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.
ഷൂട്ടിംഗ് സൈറ്റിലെ മാലിന്യം റോഡുവക്കിൽ തള്ളി, 50000 രൂപ പിഴയിട്ട് പഞ്ചായത്ത്
