ദോഹ: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷം നിലനിൽക്കുന്ന നിർണായക ഘട്ടത്തിലാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഖത്തർ സന്ദർശനം.ഗസ്സയിലെ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാൻ കഴിയുന്ന രാജ്യം ഖത്തറാണെന്ന് മാർക്കോ റൂബിയോ പറഞ്ഞു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.ഖത്തറും യു.എസും ശക്തമായ ഉഭയകക്ഷി ബന്ധം തുടരും. ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷക്കും ശക്തമായ പിന്തുണ നൽകും. ഗസ്സയിലെ യുദ്ധം നിർത്താനും ബന്ദികളെ മോചിപ്പിക്കാനും ഖത്തർ നടത്തുന്ന ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.പശ്ചിമേഷ്യയിലെ സുരക്ഷയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തവും ചർച്ചയായി. അമേരിക്കയും ഖത്തറും തമ്മിലുള്ള പ്രതിരോധ സഹകരണ കരാർ അന്തിമ ഘട്ടത്തിലാണ്.യു.എസുമായുള്ള ഞങ്ങളുടെ ബന്ധം തന്ത്രപരമാണ്, പ്രത്യേകിച്ചും പ്രതിരോധ തലത്തിൽ, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും ഏതൊരു ആക്രമണവും ആവർത്തിക്കുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കാനും ദൃഢനിശ്ചയമെടുത്തതായും ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി.
