മധ്യ തെക്കൻ കേരളത്തില്‍ പരക്കെ മഴ സാധ്യത : ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Breaking Kerala

തിരുവനന്തപുരം: മധ്യ തെക്കൻ കേരളത്തില്‍ പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 22ാം തീയതി വെള്ളിയാഴ്ച മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണി ഇന്ന് തുറക്കുമെന്ന് അറിയിപ്പുണ്ട്. രാവിലെ 10 മണി മുതല്‍ രണ്ട് ഷട്ടറുകള്‍ 50 സെന്റീ മീറ്റര്‍ വീതം ആവശ്യാനുസരണം തുറന്ന് 2.60 ക്യൂമെക്സ് വരെ കുണ്ടളയാറു വഴി മാട്ടുപ്പെട്ടി സംഭരണിയിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയും നീരൊഴുക്ക് വര്‍ധിക്കുന്നതും കാരണം ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഷട്ടര്‍ തുറക്കുന്നത്. കുണ്ടളയാറിന്റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്നും പൊതുജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ – ഒഡിഷ തീരത്തിനു സമീപം ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 2 ദിവസം ജാര്‍ഖണ്ഡിന് മുകളിലൂടെ ന്യൂനമര്‍ദ്ദം നീങ്ങാന്‍ സാധ്യതയുണ്ട്. കച്ചിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുമുണ്ട്. അതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *