വനിതാ ശിശു വികസന വകുപ്പിന്റെഉജ്ജ്വല ബാല്യം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

കോട്ടയം: വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ നിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ച ആറിനും 18 വയസിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിൽ ആറ് മുതൽ 11 വയസ് വരെയും 12 മുതൽ 18 വയസ് വരെയുമുള്ള രണ്ട് പ്രത്യേക വിഭാഗങ്ങളായിട്ടും ഭിന്നശേഷി വിഭാഗത്തിൽ ആറ് മുതൽ 11 വരെയും 12 മുതൽ 18 വരെയുമുള്ള പ്രത്യേക വിഭാഗങ്ങളായിട്ടാണ് പരിഗണിക്കുക. 2024 ജനുവരി ഒന്ന് മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷ നൽകേണ്ടത്. സർട്ടിഫിക്കറ്റുകൾ, പ്രശസ്തി പത്രങ്ങൾ, കുട്ടികളുടെ പേരിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊള്ളുന്ന സി.ഡി, പെൻഡ്രൈവ്, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ കരസ്ഥമാക്കിയവരോ ഉജ്ജ്വല ബാല്യം പുരസ്‌കാരം മുൻപ് ലഭിച്ചവരോ ആയ കുട്ടികളുടെ അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷ ഫോം www.wcd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അവസാന തീയതി ഓഗസ്റ്റ് 30 വൈകീട്ട് അഞ്ച് മണി. വിശദവിവരത്തിന് ഫോൺ: 04812580548, 8281899464.

Leave a Reply

Your email address will not be published. Required fields are marked *