കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പ്രചാരണത്തിനായി ഓരോ സ്ഥാനാര്‍ത്ഥിക്കും ചെലവഴിക്കാനാകുന്ന പരമാവധി തുക 40 ലക്ഷം രൂപ. ഓരോ ദിവസവും ചെലവാകുന്ന തുക പ്രത്യേകം രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം. ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യകം ഏജന്റിനെ നിയോഗിക്കുകയും ഇക്കാര്യം വരണാധികാരിയെ അറിയിക്കുകയും വേണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം മുതല്‍ ഫല പ്രഖ്യാപനം വരെയുള്ള കണക്കുകളാണ് സൂക്ഷിക്കേണ്ടത്.
അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനത്തിന് ഇന്ന് തുടക്കമാകും. പാമ്പാടി പഞ്ചായത്തിലാണ് ആദ്യ പര്യടനം നടത്തുക. നാളെ മീനടം, 23ന് പുതുപ്പള്ളി, 24ന് അയര്‍ക്കുന്നം, 25ന് കൂരോപ്പട, 28ന് മണര്‍കാട്, സെപ്റ്റംബര്‍ ഒന്നിന് വാകത്താനം, രണ്ടിന് അകലക്കുന്നം പഞ്ചായത്തുകളിലും പര്യടനം നടത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഇന്നും വീട് കയറി വോട്ടഭ്യർത്ഥനയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാവിലെ മുതല്‍ ഉച്ചവരെ മീനടം പഞ്ചായത്തിലായിരിക്കും പ്രചാരണം. ഉച്ചയ്ക്ക് ശേഷം വാകത്താനം പഞ്ചായത്തില്‍ എത്തിച്ചേരും. നാളെ മുതല്‍ വിവിധ മന്ത്രിമാര്‍ പുതുപള്ളിയിലെത്തി പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.