ആല്‍വാര്‍ (രാജസ്ഥാൻ): രാജസ്ഥാനിലെ ആല്‍വാറില്‍ മരം വെട്ടിയതിന് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. വ്യാഴാഴ്ച രാത്രിയാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ വാസിം (27) എന്ന യുവാവ് കൊല്ലപ്പെടുകയും കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ബൻസൂര്‍ തഹസീലിലെ രാംപൂര്‍ മേഖലയിലാണ് സംഭവം. വനത്തില്‍ അനധികൃതമായി മരം മുറിക്കുന്നതില്‍ മൂവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അക്രമി സംഘം ഇവരെ വളയുകയായിരുന്നു. വാസിം, ബന്ധു ആസിഫ്, സുഹൃത്ത് അസ്ഹറുദ്ദീൻ എന്നിവരെ അക്രമികള്‍ മൂര്‍ച്ചയുള്ള ആയുധങ്ങളും വടിവാളുകളും ഇരുമ്ബുവടികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമിച്ചവരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും നീമ്രാന എ.സി.പി ജഗ്രം മീണ എ.എൻ.ഐയോട് പറഞ്ഞു.വിവരമറിഞ്ഞ് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് പരിക്കേറ്റ മൂന്ന് പേര് റോഡില്‍ കിടക്കുന്നത് കണ്ടത്. പോലീസ് എത്തുന്നതിന് മുമ്ബ് തന്നെ അക്രമികള്‍ സ്ഥലം വിട്ടിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ചികിത്സയ്ക്കിടെ ഒരാള്‍ മരിച്ചതായും എ?എസ്.പി അറിയിച്ചു. വനംവകുപ്പിന്റെ ജീപ്പ് സംഭവസ്ഥലത്തു നിന്നു പിടികൂടിയിട്ടുണ്ട്. ഇരയുടെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ വിധത്തിലും സഹായിക്കുമെന്ന് രാജസ്ഥാൻ മന്ത്രി പ്രതാപ് ഖച്ചരിയവാസ് പറഞ്ഞു.