ബംഗളുരുവിൽ എക്സ്പ്രസ് ട്രെയിനിൽ തീ പിടിത്തം

National

ബംഗളുരു: ബംഗളുരുവിൽ എക്സ്പ്രസ് ട്രെയിനിൽ തീ പിടിത്തം. കെഎസ്ആർ ബെംഗളുരു റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരെല്ലാം ട്രെയിനില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

മുംബൈയിൽ നിന്ന് ബംഗളുരുവിലെത്തിയ 11301 നമ്പര്‍ ഉദ്യാൻ എക്സ്പ്രസിന്‍റെ എ. സി കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 5.45ന് ബംഗളുരുവില്‍ എത്തിയ ട്രെയിനില്‍ നിന്ന് യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം പ്ലാറ്റ്‍ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. തീപിടുത്തത്തില്‍ ആർക്കും പരിക്കില്ലെന്ന് റെയിൽവെ അറിയിച്ചു.

ഉദ്യാൻ എക്സ്പ്രസിന്‍റെ ബി – 1, ബി – 2 കോച്ചുകളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ അധിക‍ൃതർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ട്രെയിനിലെ മറ്റ് കോച്ചുകളിലേക്ക് തീ പടരാതെ നിയന്ത്രിക്കുകയായിരുന്നു. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *